കൊച്ചി: മലയാള സിനിമയിൽ ലൈംഗികാരോപണ പരാതിയുമായി നിരവധി പേർ രംഗത്തെത്തുന്ന സാഹചര്യത്തിൽ നിയമോപദേശം തേടി മുൻനിര നടന്മാർ. എം മുകേഷ്, ഇടവേള ബാബു, അലൻസിയർ തുടങ്ങിയവരാണ് നിയമോപദേശം തേടിയത്. ഹൈക്കോടതിയിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകരുമായി ചർച്ചകൾ നടക്കുന്നുണ്ട്. നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടൻ ബാബുരാജും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗികാതിക്രമ പരാതികളാണ് മലയാളത്തിലെ പ്രമുഖ നടന്മാരും സംവിധായകരും പിന്നണി പ്രവർത്തകർക്കുമെതിരെ ഉയരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദവി ചെയർമാൻ സ്ഥാനവും സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനവും രാജി വെച്ചിരുന്നു. ആരോപണ വിധേയരായവർക്കെതിരെ നടപടിയില്ലെന്ന വിമർശനം ശക്തമാകവെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കം എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾ അടക്കം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.സംവിധായകന്മാരായ രഞ്ജിത്ത്, ശ്രീകുമാർ മേനോൻ, നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു തുടങ്ങിയവർക്കെതിരെയാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിലവിൽ പരാതി ലഭിച്ചിരിക്കുന്നത്.