വായനാദിനത്തിൽ തിളക്കമുള്ള താരമായി സീനത്ത്

ജീവിതവഴിയിലെ പ്രതിസന്ധികൾക്കിടയിൽ മുറിഞ്ഞുപോയ പഠനവും വായനയും തിരികെ പിടിച്ച് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ചിറ്റേത്തുകര സ്വദേശിനി എം.എ സീനത്ത്.

author-image
Shyam Kopparambil
New Update
1

സാക്ഷരത തുല്യതാ പരീക്ഷയിൽ വിജയം നേടി തൃക്കാക്കര ഭാരത മാതാ കോളേജിൽ മലയാളം ബിരുദത്തിന് പ്രവേശനം ലഭിച്ച എം.എ സീനത്തിനെ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടന വേദിയിൽ ഡോ. കെ.ജി. പൗലോസ് ആദരിക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട്: ജീവിതവഴിയിലെ പ്രതിസന്ധികൾക്കിടയിൽ മുറിഞ്ഞുപോയ പഠനവും വായനയും തിരികെ പിടിച്ച് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ചിറ്റേത്തുകര സ്വദേശിനി എം.എ സീനത്ത്. സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് ബിരുദ പഠനത്തിനു പ്രവേശനം നേടിക്കഴിഞ്ഞു 48 കാരിയായ ഈ വീട്ടമ്മ.  സ്വന്തമായി അധ്വാനിച്ച് മൂന്നു മക്കളെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതു സാധ്യമായതെന്നത് സീനത്തിന്റെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.  

ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല വായനാപക്ഷാചരണ വേദിയിൽ  എഴുത്തുകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ പുരസ്‌കാര ജേതാവുമായ ഡോ.കെ.ജി പൗലോസ് സീനത്തിനെ ആദരിച്ചു. മലയാളം ഭാഷയെ ഏറെ സ്‌നേഹിക്കുന്ന സീനത്ത് ബിഎ മലയാളത്തിനാണ് തൃക്കാക്കര ഭാരത് മാത കോളേജിൽ പ്രവേശനം നേടിയിരിക്കുന്നത്. 

ബിരുദം പഠിക്കേണ്ട പ്രായത്തിൽ വിവാഹം. മൂന്ന് കുട്ടികൾ ജനിച്ചു. രണ്ട് ഇരട്ട പെൺകുട്ടികളും ഒരാൺകുട്ടിയും. ജീവിതസാഹചര്യങ്ങൾ തുടർ പഠനം അനുവദിച്ചില്ല. ഇടയ്ക്ക് ജീവിത വഴിയിൽ ഒറ്റയ്ക്കായി. മക്കളെയും കുടുംബത്തെയും പുലർത്തേണ്ട ചുമതല സ്വന്തം ചുമലിലായി. ചിറ്റേത്തുകരയിലെ വീടിന് മുൻവശത്തായി ഫോട്ടോസ്റ്റാറ്റും പ്രിന്റ് ഔട്ടുകളും എടുത്ത് നൽകുന്ന ഡിടിപി സെന്റർ തുടങ്ങി. വായ്പയെടുത്തും മറ്റുമാണ് ഇതിനുള്ള പണം കണ്ടെത്തിയത്. മൂന്ന് മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചു. മകൾ ഇർഫാന യുകെയിൽ എംബിഎയ്ക്ക് പഠിക്കുന്നു. മറ്റൊരാളായ ഇഫ്രത്തിന്റെ വിവാഹം കഴിഞ്ഞു. ഇളയ മകൻ മുഹമ്മദ് അബ്ദുൾ ഗഫൂർ പ്ലസ് ടു വിന് പഠിക്കുന്നു. 

പഠിക്കാനുള്ള ആഗ്രഹം തിരിച്ചറിഞ്ഞ മക്കളാണ് തനിക്ക് പഠിക്കാനുള്ള അവസരമൊരുക്കി നൽകിയെന്ന് സീനത്ത് പറയുന്നു. അങ്ങനെയാണ് സാക്ഷരത തുല്യത പഠനത്തിന് ചേരുന്നത്. ജോലിക്കിടെ പഠിക്കാനായി സമയം കണ്ടെത്തും. ചിലപ്പോൾ അതിരാവിലെ ഉണർന്ന് പഠിക്കും. 

സൗത്ത് വാഴക്കുളം സ്‌കൂളിലാണ് പത്താം തരം തുല്യത പഠിച്ചത്. 2015 ൽ പത്താം തരം വിജയിച്ചു. ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും 2019 ൽ കളമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്ന് ഹയർ സെക്കൻഡറി തുല്യതയും വിജയിച്ചു. 

പഠനവും വായനവും ഒരുപോലെ ഇഷ്ടപ്പെടുന്ന സീനത്ത് മലയാള ഭാഷയെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മലയാളം പഠിക്കാനുള്ള കൊതി കൊണ്ടാണ് ബിരുദത്തിന് മലയാളം തിരഞ്ഞെടുത്തത്. വാർത്താ അവതാരകയാകാനാണ് സീനത്തിന്റെ ആഗ്രഹം. ഒപ്പം ബിരുദം പൂർത്തിയാക്കി എൽഎൽബിക്ക് ചേർന്ന് അഭിഭാഷകയാകാനും ലക്ഷ്യമിടുന്നു. 

വായന ഒരു വ്യക്തിയിലുണ്ടാക്കുന്ന മാറ്റങ്ങളെ ഓർമ്മിപ്പിക്കുന്ന വായനാദിനത്തിൽ ഏവരെയും പ്രചോദിപ്പിക്കുകയാണ് സീനത്ത്. ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും നേർസാക്ഷ്യമായി വായനാദിന വേദിയിലെ തിളക്കമുള്ള താരമായി സീനത്ത്

Malayalam kakkanad reading day