തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ശക്തമായ കടലാക്രമണത്തിനും തിരമാലയ്ക്കും സാധ്യത. തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, കൊല്ലം മുണ്ടയ്ക്കലില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയാണ്. ശക്തമായ കടല്‍ക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികള്‍ എത്തിയില്ലെന്ന് ആരോപിച്ചാണ് ഉപരോധം.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു കടലില്‍പ്പെട്ട അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി. 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരദേശമേഖലയില്‍ കഴിഞ്ഞ ദിവസം കടലാക്രമണം അതിരൂക്ഷമായിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപില്‍ മാറ്റിപ്പാര്‍പ്പിച്ചു.
പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ അറുപത് കിലോമീറ്ററോളം കടല്‍ക്ഷോഭമുണ്ടായി. ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ കടല്‍ക്ഷോഭമുണ്ടായി.