തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി അനുഭവപ്പെടുന്ന കൊടിയ ചൂടും ഉഷ്ണ തരംഗവും തുടക്കം മാത്രം. വരും വര്‍ഷങ്ങളിലും അതിശക്തമായ ചൂടും ഉഷ്ണതരംഗവും ഉണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. കടല്‍ തിളച്ചുമറിയുന്ന ദിനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 1950 മുതല്‍ 2020 വരെയുള്ള കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂട് ദശാബ്ദത്തില്‍ 0.12 ഡിഗ്രി സെല്‍ഷ്യസ് എന്ന തരത്തില്‍ വര്‍ദ്ധിച്ചു. ഇത് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന കരഭാഗത്തിന് വലിയ ഭീഷണിയാണ്. 2020 മുതല്‍ 2100 വരെയുള്ള ഓരോ പത്ത് വര്‍ഷത്തിലും 0.17 മുതല്‍ 0.38 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ ചൂട് വര്‍ദ്ധിക്കാം. ഇത് കടല്‍ചൂട് 28.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30.7 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന തരത്തിലാകും. ഇത് ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കും.
നിലവില്‍ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസം മുതല്‍ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രത്തിന്റെ ഉപരിതലത്തില്‍ ചൂട് വര്‍ദ്ധിക്കുന്നത് ദോഷകരമാകും. ചൂട് വര്‍ദ്ധിക്കുന്നത് വഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും ഇത് സമുദ്ര ജല അമ്ലവത്കരണം വേഗത്തിലാക്കുകയും ചെയ്യും. പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ചൂട് കൂടിയതോടെ പലവിധ അസുഖങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. വേനല്‍ക്കാല രോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് കനത്തതോടെ കാലികളും പക്ഷികളും കൂട്ടമരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 44 പഞ്ചായത്തുകളിലാണ് ഇതുവരെ കുടിവെള്ള ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൂര്യാഘാതമേറ്റ് ചത്തൊടുങ്ങുന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം കൂടി വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ മാസങ്ങളിലായി 497-ഓളം കറവപ്പശുക്കള്‍ സൂര്യാഘാതത്താല്‍ മരിച്ചു. ഇതില്‍ 105 ഓളം പശുക്കള്‍ കൊല്ലം ജില്ലയിലാണ്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.