സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതി. പൊതു വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചത്. രണ്ടാഴ്ചക്കകം റിപോര്‍ട്ട് നല്‍കണം. സംഭവത്തില്‍ തിരുന്നാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബി ടി ബിജു കുമാര്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
മേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളും ജനറല്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിക്കുന്ന പശ്ചാത്തലത്തില്‍, മികച്ച സ്‌കൂളിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്നത് പരിഗണിച്ച് പഠനം നടത്തി പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ കായികരംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കാനും തീരുമാനമായി. സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ മാന്വല്‍ പരിഷ്‌കരണം ഉള്‍പ്പെടെ നടത്തും.