സംസ്ഥാനത്ത് കലോത്സവം അടിമുടി മാറുന്നു; സംസ്ഥാനതലം ഒഴിവാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ട്

അതേസമയം സ്‌കൂൾ കലോത്സവം എല്ലാവർഷവും നിശ്ചിത ദിനങ്ങളിൽ നടത്താൻ സാധിച്ചാൽ അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

സ്കൂൾ കലോത്സവ മത്സരങ്ങൾ ജില്ലാതലത്തിൽ മതിയെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാതലത്തോടെ മത്സരങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

 കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാർക്കിന്റെ സ്വാധീനത്താലാണ്. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് തീർച്ചയായും പ്രോത്സാഹനം നൽകണം. അത് ഇന്ന് നൽകുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സംസ്ഥാന ഉത്സവങ്ങൾ നടക്കുന്ന സ്ഥലം രണ്ടുവർഷം മുമ്പേ പ്രഖ്യാപിച്ചാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും സംസ്ഥാന ഉത്സവങ്ങൾക്ക് തയ്യാറെടുക്കാൻ സാധിക്കും. പല സ്‌കൂളുകൾക്കും ഇതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളടക്കം നിർമ്മിക്കാനും മറ്റുക്രമീകരണങ്ങൾ വരുത്താനും കഴിയും.

സംസ്ഥാനതല ഉത്സവങ്ങളുടെ സാമ്പത്തിക വിനിയോഗം അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും അതത് റവന്യൂ ജില്ലാ ഓഫീസുകൾക്ക് നൽകണമെന്നും കലോത്സവ നടത്തിപ്പിനായി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകൾക്ക് വീതിച്ചു നൽകുന്ന നിലവിലെ അവസ്ഥ മാറണമെന്നും ഖാദർ കമ്മിറ്റി ശുപാർശ ചെയ്യുന്നു. 

കലോത്സവങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂൾ കലോത്സവങ്ങൾ ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമാക്കണമെന്നും പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം സ്‌കൂൾ കലോത്സവം എല്ലാവർഷവും നിശ്ചിത ദിനങ്ങളിൽ നടത്താൻ സാധിച്ചാൽ അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

school kalolsavam