വാവര് വഖഫിന് കൊടുത്തെന്നു പറഞ്ഞാല്‍ ശബരിമല നാളെ വഖഫിന്റേതാകും: വിവാദ പരാമശവുമായി ബി ഗോപാലകൃഷ്ണന്‍

വയനാട്ടിലെ കമ്പളക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. കേന്ദ്രമന്ത്രി സുരോഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

author-image
Prana
New Update
b gopalakrishnan

വയനാട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ശബരിമല വാവര് സ്വാമിയുമായി ബന്ധപ്പെട്ടാണ് ബി ഗോപാലകൃഷണന്‍ വിവാദ പരാമര്‍ശം നടത്തിയത്. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങാതി ഇരുപ്പുണ്ട്, അങ്ങേര് പറഞ്ഞെന്നുംപറഞ്ഞ് നാളെ ശബരിമലയും വഖഫ് ആണെന്ന് പറഞ്ഞുവരുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട്ടിലെ കമ്പളക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. കേന്ദ്രമന്ത്രി സുരോഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. 'ശബരിമല അയ്യപ്പന്റെ ഭൂമി നാളെ വഖഫ് ആണെന്ന് പറയില്ലെ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട്. അയ്യപ്പന് താഴെ. അയ്യപ്പന്‍ പതിനെട്ട് പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലെ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

BJP wayanad controversy waqf bill Amendment