തിരുവനന്തപുരം: ഭരണപക്ഷ എംഎല്‍എക്കു പോലും സ്വയരക്ഷയ്ക്ക് തോക്കുംകൊണ്ട് നടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്ന്് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എഡിജിപി എംആര്‍ അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്ക് നേരേ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ പരിഹസിച്ച് വി ടി ബല്‍റാം രംഗത്തെത്തിയത്. ഭരണപക്ഷ എംഎല്‍എയ്ക്ക് പോലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടില്‍. ക്രമസമാധാന പാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണത്രേയെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്വര്‍ണ്ണ കടത്ത്, ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം തുടങ്ങി ഗുരുതര കുറ്റങ്ങള്‍ എ ഡി ജി പിക്ക് മേല്‍ ഉയര്‍ത്തിയ പി വി അന്‍വര്‍ എസ് സുജിത്ദാസുമായുള്ള പുതിയ ഫോണ്‍സംഭാഷണവും പുറത്തുവിട്ടു. താന്‍ മലപ്പുറം എസ്പിയായിരിക്കേ, ക്യാമ്പ് ഓഫീസില്‍ നിന്ന് മരംമുറിച്ചെന്ന കേസില്‍ നിന്ന് പിന്മാറാന്‍ സുജിത്ദാസ് പി വി അന്‍വറിനോട് യാചിക്കുന്ന ഫോണ്‍ സംഭാഷണം അന്‍വര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ അടക്കം ഫോണ്‍ സംഭാഷണം എം ആര്‍ അജിത്കുമാര്‍ ചോര്‍ത്തിയെന്ന ഓഡിയോ സന്ദേശവും അദ്ദേഹം പുറത്ത് വിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റേതാണ് പുറത്ത് വിട്ട ഓഡിയോ സന്ദേശമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. വെളിപ്പെടുത്തലിലും ആരോപണങ്ങള്‍ക്കും പിന്നാലെ തന്റെ ജീവന്‍ അപകടത്തിലാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു.
അതേസമയം പി വി അന്‍വറിന്റെ വെളിപ്പെടുത്തലിലും ആരോപണത്തിലും വെട്ടിലായിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. തുടര്‍ന്ന് പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.സംഭവത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.