കാസർകോട്: കോട്ടിക്കുളം തൃക്കണ്ണാട്ട് തീരത്ത് രൂക്ഷമായ കടലേറ്റം . ശനിയാഴ്ച രാത്രി 8 മണിയോടെ പെട്ടെന്ന് കടൽ അതിഭയാനകമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം കരയിലെ തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റി വച്ചു. വലിയ തോണികൾ കടൽ തീരത്ത് തന്നെ കയറുപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്ന് നിർദേശമുണ്ടായിരുന്നു .ശനിയാഴ്ച രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കള്ളക്കടൽ പ്രതിഭാസം മുന്നറിയിപ്പ് ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങളും തോണികളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.