ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വീട്ടില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഉള്‍പ്പെടെ 47 പവനിലധികവും പണവും മോഷ്ടിച്ച കേസില്‍ വീട്ടുവേലക്കാരിയടക്കമുള്ള പ്രതികള്‍ക്ക് തടവുശിക്ഷ. ആറന്മുള കിടങ്ങന്നൂര്‍ വല്ലന സബീര്‍ മന്‍സില്‍ വീട്ടില്‍ ജോലിക്കു നിന്ന തിരുവനന്തപുരം പാങ്ങോട് കണ്ണംപാറ വത്സല ഭവനം വീട്ടില്‍ വത്സലയാണ് മോഷണം നടത്തിയത്.
കിടപ്പുമുറിയുടെ താക്കോല്‍ കൈക്കലാക്കിയ ശേഷം സ്വര്‍ണം കവരുകയായിരുന്നു. കളവു മുതല്‍ സൂക്ഷിക്കാനും വില്‍ക്കാനും സഹായിച്ച വത്സലയുടെ അയല്‍വാസി പാങ്ങോട് കണ്ണന്‍പാറ പ്രണവ് ഭവനം വീട്ടില്‍ പ്രണവ് (22), ഇയാളുടെ മാതാവ് രാധ (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.
പ്രണവിനെ രണ്ടുവര്‍ഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചപ്പോള്‍, രാധയ്ക്ക് ഒരുവര്‍ഷത്തെ തടവാണ് വിധിച്ചത്. ജെ എഫ് എം കോടതി മജിസ്‌ട്രേറ്റ് കാര്‍ത്തിക പ്രസാദിന്റേതാണ് വിധി. 2012 ജൂലൈ മാസത്തിനും 2013 മാര്‍ച്ചിനുമിടയിലുള്ള കാലയളവില്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും മറ്റും കടയ്ക്കല്‍ പാങ്ങോട്, തമിഴ്‌നാട്ടിലെ കുലശേഖരം എന്നിവിടങ്ങളില്‍ സ്വര്‍ണക്കടകളില്‍ പ്രതി വിറ്റതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇവ പോലീസ് ഇവിടങ്ങളില്‍ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
വിചാരണക്കിടെ കേസിലെ ഒന്നാംപ്രതി വത്സല മരണപ്പെട്ടിരുന്നു. സ്വര്‍ണം വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ സ്വര്‍ണാഭരണങ്ങളും വസ്തുക്കളും പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്തു. കോഴഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ദിലീപ്ഖാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അദ്ദേഹം തന്നെയാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആര്‍ രാജ്‌മോഹന്‍ കോടതിയില്‍ ഹാജരായി. സി പി ഒ. ജസ്റ്റിന്‍ ജോണ്‍ പ്രോസിക്യൂഷനില്‍ സഹായിയായി പ്രവര്‍ത്തിച്ചു.