തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണം നടക്കുന്ന റോഡുകളുടെ രണ്ടാംഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ. ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും രണ്ടാം ഘട്ട ടാറിങ് ആരംഭിച്ചിട്ടില്ല. പകരം അനുബന്ധ നിർമാണങ്ങളാണ് റോഡുകളിൽ നടക്കുന്നത്. നടപ്പാത നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് നിലവിൽ നടക്കുന്നത്. സ്മാർട്ട് റോഡുകളിലെ പൈപ്പുലൈനുകളുടെ ജോലികൾ നീണ്ടു പോയതാണ് മിക്കയിടങ്ങളിലും രണ്ടാം ഘട്ട ടാറിങ് വൈകാൻ കാരണം.
രണ്ടാം ഘട്ട ടാറിങ് ആരംഭിക്കാത്തതിനാൽ റോഡുകളിൽ സ്ഥാപിച്ച മാൻഹോളുകൾ ഉയർന്ന് നിൽക്കുകയാണ്. പലയിടങ്ങളിലും രാത്രിയിൽ വാഹനങ്ങളിൽ എത്തുന്നവർ അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന മാൻഹോളുകൾ പലരും അടുത്ത് എത്തുമ്പോഴാണ് രാത്രിയിൽ കാണുന്നത്. പെട്ടെന്ന് വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി വീണാണ് പലർക്കും അപകടം പറ്റുന്നത്. ചിലർ വേഗതയിൽ എത്തി ഉയർന്ന് നിൽക്കുന്ന മാൻഹോളുകൾക്ക് മുകളിലൂടെ വാഹനം കയറ്റി പോകുമ്പോഴും റോഡിലേക്ക് വീഴുന്നുണ്ട്. വെള്ളയമ്പലം തൈക്കാട് റോഡ്, സ്റ്റാച്യു ജനറൽ ആശുപത്രി റോഡ്, അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡ്, മോഡൽ സ്കൂൾ ജംക്‌ഷൻ എംജി രാധാകൃഷ്ണൻ റോഡ് , ഉപ്പിടാംമൂട് ഓവർബ്രിജ് റോഡ് , ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ് തുടങ്ങിയിടങ്ങളിലാണ് രണ്ടാം ഘട്ട ടാറിങ് ആരംഭിക്കാൻ ഉള്ളത്. ഇവയ്ക്ക് ഒപ്പം നിർമാണം ആരംഭിച്ച പല ഇടറോഡുകളും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
ആയൂർവേദ കോളജ് ജംക്‌ഷനിൽ നിന്ന് മാഞ്ഞാലിക്കുളം ഭാഗത്തേക്ക് വന്നിറങ്ങുന്ന റോഡ് മാസങ്ങളായി വാഹന സഞ്ചാരമില്ല. ഇവിടെ ഒന്നാം ഘട്ട ടാറിങ് പോലും ആരംഭിച്ചിട്ടില്ല. റോഡുകളിൽ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിന് ശേഷം മാത്രമാകും രണ്ടാം ഘട്ട ടാറിങ് ആരംഭിക്കുക. പുതിയ ലൈനുകളിലേക്ക് പൈപ്പ് കണക്‌ഷനുകൾ മാറ്റി നൽകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി പൈപ്പുലൈനുകളിൽ ചോർച്ചയില്ലെന്ന് ഉറപ്പാക്കിയശേഷമാകും രണ്ടാം ഘട്ട ടാറിങ് ആരംഭിക്കുക. രണ്ടാം ഘട്ട ടാറിങ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമേ വേണ്ടി വരുകയുള്ളുവെന്നാണ് അധികൃതരുടെ പക്ഷം.