തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ.ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്.പരാതി.സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറിയതായാണ് വിവരം.
അധിക്ഷേപ പരാമർശം വിവാദമായതിനു പിന്നാലെ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.വിഷയത്തിൽ പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം.അതെസമയം അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.ഇതിനു പിന്നാലെയാണിപ്പോൾ ആർഎൽവി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ അധിഷേപ പരാമർശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു അധിക്ഷേപ പരാമർശങ്ങൾ.
മോഹനനല്ല മോഹിനിയാണ് മോഹിനിയാട്ടം കളിക്കേണ്ടതെന്നും സത്യഭാമ പറഞ്ഞിരുന്നു.പിന്നാലെ ഇത് വിവാദമാകുകയും സത്യഭാമയുടെ പരാമർശത്തിനെതിരെ കലാരംഗത്തുനിന്നുൾപ്പെടെ വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.എന്നാൽ പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് സത്യഭാമ രംഗത്തെത്തിയിരുന്നു.സോഷ്യൽ മിഡിയയിൽ സംഭവത്തെ കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് സത്യഭാമയ്ക്കെതിരെ നിയമനടപടികളും വരുന്നത്.