തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. മുൻപ് വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു.അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പിന്നെ മനുഷ്യൻറെ ചിന്ത വേറെയാണ്.
ത്രിപുരയിലും ബംഗാളിലും അത് കണ്ടു.പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണ്. പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഴയ രീതികൾ മതിയോ എന്ന് പാർട്ടി ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ.ആലത്തൂർ മണ്ഡലത്തിൽ നിന്നാണ് രാധാകൃഷ്ണൻ ലോക്സഭയിലേയ്ക്ക് എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കാൻ മന്ത്രി സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ഉത്തരവ് പുറത്തിറക്കിയിരുന്നു. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം.