കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ താമസക്കാർക്ക് അണുബാധ അസോസിയേഷന്റെ അനാസ്ഥയെന്ന് ആരോപണം

കാക്കനാട്  ഡി.എൽ.എഫ് ഫ്ലാറ്റിലെ  കുടിവെള്ളത്തിൽ അണുബാധയെ ഏറ്റത്  550 ൽ അധികം.അതിൽ 300 ഓളം പേർ  എറണാകുളത്തേയും,കാക്കനാട്ടെയും വിവിധ  ആശുപത്രികളിൽ  ചർദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയവരാണ് ഏറെയും, രണ്ടുമാസം കൂടുമ്പോൾ ഫ്‌ളാറ്റിലെ അസോസിയേഷന്റെ നേതൃത്വത്തിൽ ഫ്‌ളാറ്റിലെ വിവിധ ടാങ്കുകളിലെ കുടിവെളളം ലാബിൽ പരിശോധിപ്പിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ മാസം  29  ന്  ലഭിച്ച ലാബ് പരിശോധനയിൽ കോളിഫോം- ഇ കോളി  ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

author-image
Shyam Kopparambil
New Update
1

കഴിഞ്ഞ മാസം  29  ന്  ലഭിച്ച ലാബ് പരിശോധന ഫലം 

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: കാക്കനാട്  ഡി.എൽ.എഫ് ഫ്ലാറ്റിലെ  കുടിവെള്ളത്തിൽ അണുബാധയെ ഏറ്റത്  550 ൽ അധികം.അതിൽ 300 ഓളം പേർ  എറണാകുളത്തേയും,കാക്കനാട്ടെയും വിവിധ  ആശുപത്രികളിൽ  ചർദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയവരാണ് ഏറെയും, രണ്ടുമാസം കൂടുമ്പോൾ ഫ്‌ളാറ്റിലെ അസോസിയേഷന്റെ നേതൃത്വത്തിൽ ഫ്‌ളാറ്റിലെ വിവിധ ടാങ്കുകളിലെ കുടിവെളളം ലാബിൽ പരിശോധിപ്പിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ മാസം  29  ന്  ലഭിച്ച ലാബ് പരിശോധനയിൽ കോളിഫോം- ഇ കോളി  ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ അസോസിയേഷൻ നടപടി സ്വീകരിച്ചില്ലെന്നും  ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു. ജൂൺ ഒന്നു മുതൽ ഫ്ലാറ്റിലെ  വിവിധ ആളുകൾ ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഫ്ലാറ്റ് അസോസിയേഷൻ ഗൗരവ്വമായി കണ്ടില്ല. ഇത്രയും പേർ കൂട്ടത്തോടെ ചികിത്സ തേടിയിട്ടും ആശുപത്രി അധികൃതരും ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ല.
 ചികിത്സ തേടി അസുഖം മാറിയവർക്ക് വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ ഫ്‌ളാറ്റിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ ചർച്ചയിലാണ് ഫ്ലാറ്റിൽ അസുഖം പടർന്ന് പിടിച്ച വിവരം എല്ലാവരും അറിയുന്നത്.കൂടുതൽ ആളുകൾക്ക് രോഗബാധയുണ്ടായ വിവരം  ഫ്ലാറ്റിലെ താമസക്കാരാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് വിളിച്ച്  വിവരം അറിയിച്ചത്.തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എറണാകുളം മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം  ഫ്ലാറ്റിൽ പരിശോധന നടത്തി. പരിശോധനയിൽ 550 പേർ ജൂൺ 17 വരെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതായി പ്രാഥമിക വിവരം ലഭിച്ചു.15 ടവറുകളിലായി
1268 ഫ്ലാറ്റിൽ 5000 താമസക്കാരാണുള്ളത്.620 ഫ്ലാറ്റുകളിൽ വാടകക്കാരും ബാക്കി ഉടമസ്ഥരുമാണ് ഇവിടെ താമസം. രണ്ടു ദിവസങ്ങളിലായി  തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും  തൃക്കാക്കരയിലേയും  കളമശ്ശേരിയിലേയും ആശ വർക്കർമാരും ഫ്ലാറ്റിൽ പരിശോധനയും സർവ്വേയും നടത്തി. ഫ്‌ളാറ്റുകളിലേ കുഴൽ കിണർ,കിണർ വെള്ളം, മഴവെള്ള സംഭരണി ഉൾപ്പടെയുളളവയിൽ  നിന്നും ആരോഗ്യ വിഭാഗം വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം, ജല അതോറിറ്റി, ഇറിഗേഷൻ വകുപ്പ്, കീട നിയന്ത്രണ വിഭാഗം എന്നീ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്ലാറ്റിൽ പരിശോധന നടത്തി.ഉമതോമസ് എം.എൽ.എ,തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള,കൗൺസിലർമാരായ സി.സി വിജു.റഷീദ് ഉള്ളംപളളി എന്നിവർ ഫ്‌ളാറ്റിൽ സന്ദർശനം നടത്തി.    


# കർശന നടപടി ആരോഗ്യ മന്ത്രി 

കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിയും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ സാമ്പിൾ പരിശോധനയിൽ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഇന്നലെയാണ് ഫ്ലാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്‌ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പിൻറെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലെ കുടിവെള്ളത്തിൻറെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിൻറെ ശ്രദ്ധയിൽപ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും മന്ത്രി അഭ്യർത്ഥിച്ചു.അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒയ്ക്ക് എറണാകുളം ജില്ല കലക്‌ടർ എൻ എസ് കെ ഉമേശ് നിർദ്ദേശം നൽകി. ഡിഎൽഎഫ് ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം പേരാണ് ഛർദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയത്. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രാഥമികമായ സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 

 
 #  ഡബിൾ ക്ലോറിനേഷൻ ആരംഭിച്ചു
 
കുടിവെള്ളത്തിൽ അണുബാധയുണ്ടായ കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ മാസ്റ്റർ ടാങ്കിൽ വെള്ളം സംഭരിച്ച ശേഷം ശുചീകരണ പ്ലാൻ്റിൽ ലെത്തി ശുചീകരിച്ച ശേഷം  15 ടവറുകളിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കും. വാട്ടർ അതോറിറ്റി,കുഴൽ കിണർ,കിണർ വെള്ളം, മഴവെള്ള സംഭരണി , കുടിവെള്ള ടാങ്കർ ലോറികൾ എന്നിവ വഴിയാണ് മാസ്റ്റർ ടാങ്കിൽ വെള്ളം എത്തിച്ചിരുന്നത്.മാസ്റ്റർ ടാങ്കിൽ ഡബിൾ ക്ലോറിനേഷൻ നടത്താൻ ആരോഗ്യ വിഭാഗം നടപടി തുടങ്ങി.

 

 

kakkanad DLF FLAT KAKKANAD