തൃക്കാക്കര: കീരേലിമല നിവാസികളുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി കുടുംബങ്ങൾ കാക്കനാട് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് കാക്കനാട് വില്ലേജ് ഓഫീസർ റെജി മോന്റെ മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ 12 കുടുംബങ്ങൾ പ്രതിഷേധവുമായി എത്തിയത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമലയിലെ 12 കുടുംബങ്ങൾക്ക് പുനരധിവാസവുമായി ബന്ധപ്പെട്ട് ടി.വി സെന്റർ വാർഡിലെ പൊയ്യച്ചിറ കുളത്തിന് സമീപം 50 സെൻ്റ് റവന്യു പുറമ്പോക്ക് സ്ഥലം സർക്കാർ അനുവദിച്ചിരുന്നു.കൂടാതെ ഓരോ കുടുംബങ്ങൾക്കും വീട് നിർമ്മിക്കാൻ സർക്കാർ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു.കൂടാതെ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ
വീടുവച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടി സ്വീകരിക്കാതായതോടെ പ്രതിഷേധവുമായി കുടുംബങ്ങൾ രംഗത്തിറങ്ങിയത്. പുനരധിവാസത്തിന് ഭാഗമായി അനുവദിച്ച സ്ഥലത്ത് ഉടൻ വീടുനിർമ്മാണം ആരംഭിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.സർക്കാർ അനുവദിച്ചത് ചതുപ്പ് പ്രദേശമായ ഭൂമിയായതിനാൽ ഭൂമി നികത്തി ഉപയോഗ പ്രദമാക്കി നൽകാൻ രണ്ട് മാസം കൂടി സമയം വേണമെന്ന് വില്ലേജ് ഓഫീസർ പ്രതിഷേധക്കാരെ അറിയിച്ചു.ഭൂമി ഒരുക്കുന്നതിനും വീടു നിർമ്മാണത്തിനും സർക്കാർ ഫണ്ടിന് പുറമേ പുറത്ത് നിന്നുള്ള സ്പോൺസർ ഷിപ്പ് ലഭിക്കുമോ എന്താണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസം കലക്ടറുടെ ചേംബറിൽ യോഗം വിളിച്ചുകൂട്ടാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.