നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ മണ്ണിനടിയില്‍പെട്ടവരും ഒഴുക്കില്‍ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും. സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരും.
അതിതീവ്രമായ മഴയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞുപോയത്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ടുനല്‍കി.
വെള്ളാര്‍മല ജി വി എച്ച് സ്‌കൂള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുകയാണ്. വീടുകള്‍ക്കും ജീവനോപാധികള്‍ക്കുമേറ്റത് വലിയ നാശനഷ്ടമാണ്.
ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിദുരന്ത വിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് എന്നിവരുള്‍പ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുന്‍ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേര്‍ വിളിച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
അപകടവിവരം അറിഞ്ഞയുടെനെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ചു മന്ത്രിമാരെ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൈന്യത്തിന്റെ സഹായമുള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരമാവധി ജീവനുകള്‍ രക്ഷിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്. വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3,069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.
ഫയര്‍ഫോഴ്സ്, എന്‍ഡി ആര്‍ എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നുണ്ട്. ഫയര്‍ ഫോഴ്സില്‍ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ വാട്ടര്‍ റെസ്‌ക്യൂ അക്കാദമിയിലെ 35 ട്രെയിന്‍ഡ് അംഗങ്ങളും, 86 സിവില്‍ ഡിഫെന്‍സ്, ആപ്ത മിത്ര അംഗങ്ങളും ഉള്‍പ്പെടുന്നു.
എന്‍ ഡി ആര്‍ എഫിന്റെ 60 അംഗ ടീം വയനാട്ടില്‍ ഇതിനോടകം എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. കൂടാതെ ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡി എസ് സിയുടെ 64 പേരടങ്ങുന്ന ടീം എത്തിയിട്ടുണ്ട്. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡി എസ് സി ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്സിന്റെ രണ്ടു ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് നില്‍ക്കുകയാണ്. കൂടാതെ നേവിയുടെ റിവര്‍ക്രോസിങ്ങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്.
കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ള 30 പേരടങ്ങുന്ന എന്‍ ഡി ആര്‍ എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐ ജി, ഡി ഐ ജി എന്നിവര്‍ ദുരന്ത മേഖലയില്‍ എത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എ ഡി ജി പിയും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തിരച്ചില്‍ സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആണിത്. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ലോക്കല്‍ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കൂടാതെ കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് പോലീസിന്റെ ഡ്രോണ്‍ സംഘങ്ങളെയും വയനാട്ടിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു. സൈന്യത്തിന്റെ പരിശീലനം സിദ്ധിച്ച നായ്ക്കളെ ലഭ്യമാക്കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരില്‍ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങള്‍ക്ക് തടസ്സം കൂടാതെ എത്തിച്ചേരുന്നതിനായി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് പോലീസ് എല്ലാവിധ സഹായവും നല്‍കുന്നുണ്ട്.