തിരുവനന്തപുരം: വയോധികനായ രോഗി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജൂലൈ 13ന് ഉച്ചക്ക് 12ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ചത് ശരിയായില്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമീഷൻ നിരീക്ഷിച്ചു. രോഗിയെ ലിഫ്റ്റിൽനിന്ന് ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി തുടർറിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്നും ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
രവിന്ദ്രൻ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 14ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്ന് ലിഫ്റ്റ് ഓപറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒ.പി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മുരുകൻ, കെ.എസ്. ആദർശ്, മേൽനോട്ട ചുമതലയുള്ള ഡ്യൂട്ടി സാർജന്റ് രജീഷ് എന്നിവരെ തൽക്കാലം സർവിസിൽ നിന്ന് മാറ്റി നിർത്തി വിശദമായ അന്വേഷണത്തിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടിണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.