പി.എസ്.സി നിയമന കോഴ ആരോപണം; അടിയന്തരമായി അന്വേഷണം വേണമെന്ന് പ്രതിപക്ഷം, തയ്യാറെന്ന് മുഖ്യമന്ത്രി

പി.എസ്.സി അംഗത്വം ലേലത്തിൽ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും ശക്തമായ നടപടിയെടുക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

author-image
Greeshma Rakesh
Updated On
New Update
niyamasabha

cm pinarayi vijayan and opposition leader vd satheesan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പി.എസ്.സി  നിയമന കോഴ ആരോപണത്തിൽ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സി.പി.എം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി പ്രതിപക്ഷം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചു.പി.എസ്.സി അംഗത്വം ലേലത്തിൽ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും ശക്തമായ നടപടിയെടുക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പണം നൽകി ആ പോസ്റ്റിൽ വന്ന് ഇരുന്നാൽ പിന്നെ പി.എസ്.സിക്ക് എന്ത് വിശ്വാസ്യതയാണ്? ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയെ കാണുന്ന കാലത്ത്, ആ പി.എസ്.സിയിലെ അംഗങ്ങളാകുന്നവരെ ലേലത്തിൽവെച്ച് കാശ് വാങ്ങുകയാണ്. അപമാനകരമായ കാര്യമാണിതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

സി.പി.എമ്മിലെ ആഭ്യന്തര കാര്യമല്ല ഇത്.പാർട്ടി പൊലീസ് സ്റ്റേഷനും പാർട്ടി കോടതിയും പോരാ ഇതിന്.മന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ല? ഇത് ക്രിമിനൽ കുറ്റമല്ലേ? ഗൗരവതരമായ കാര്യമല്ലേ? ഇതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതെസമയം സബ് മിഷൻ ഓൺ  പി.എസ്.സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാർത്തകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പി.എസ്.സി അംഗങ്ങളുടെ എണ്ണത്തിൽ വർധന വരുത്തിയതെല്ലാം യു.ഡി.എഫ് ഭരണകാലത്താണ്. 

ഇതേവരെ എൽ.ഡി.എഫ് സർക്കാർ നിലവിലുള്ള പി.എസ്.സി അംഗത്വത്തിൽ വർധന വരുത്തിയിട്ടില്ല. 2004ൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അന്തരിച്ച കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുടെയെല്ലാം പേരുകൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ഗൗരവമായ അന്വേഷണവും നടത്താൻ സർക്കാർ സന്നദ്ധമാകും. ഒരു തരത്തിലെ വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.





psc membership bribery case vd satheesan kerala assembly pinarayi vijayan