കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും.യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം കുടുംബങ്ങൾക്ക് നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു നോർക്ക വഴിയാണ് സഹായം നൽകുക.
അതെസമയം കുവൈത്ത് അഗ്നിബാധ മരണങ്ങളിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച 19 മലയാളികൾ അപകടത്തിൽ മരിച്ചെന്നാണ് അറിയുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്.
ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഗവൺമെൻറ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണപിന്തുണ നൽകും. കേരളത്തിൻറെ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.