ലൈംഗിക പീഡന കേസിലെ പ്രതിയായ മലപ്പുറം ജില്ലയിലെ കരാട്ടെ അധ്യാപകന്‍ സിദ്ദിഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാര്‍ഥിനിക്ക് അധ്യാപകനിലുണ്ടായിരുന്ന വിശ്വാസം ദുരുപയോഗം ചെയ്ത് ലൈംഗികപീഡനം നടത്തിയ പ്രതിക്ക് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സിദ്ദിഖ് അലി നല്‍കിയ ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖ് അലിയുടെ കരാട്ടെ അക്കാദമിയില്‍ ജൂഡോ പരിശീലനം നടത്തിയിരുന്ന സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
2020ല്‍ സിദ്ദിഖ് അലിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരുന്നത്. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സിദ്ദിഖ് അലിക്കെതിരേ മറ്റ് മൂന്ന് കേസുകള്‍ കൂടിയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിദ്ദിഖ് അലിക്ക് വേണ്ടി അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫും അതിജീവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ പാരാസ് നാഥ് സിങ്ങും ഹാജരായി.