പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.നാൽപതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.
ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എരുമേലി റെയ്ഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവരാണ് കഞ്ചാവ് കൃഷി നടത്തിയത്. സംഭവം പുറത്തായതോടെ ഇവ നശിപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് വർത്തിയ ഗ്രോബാഗുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.