കാസർകോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ.ജയരാജൻ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവ്ദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്, അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഇ.പി. ജയരാജൻ ലോക്സഭാ പോളിംഗ് ദിവസമായ വെള്ളിയാഴ്ച സമ്മതിച്ചിരുന്നു.വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവ്ദേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും കെ. സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. വ്യക്തമാക്കിയിരുന്നു.
ജാവ്ദേകികറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും പ്രധാന ചർച്ച. ഇതിനിടെ, ബി.ജെ.പി കൂറുമാറ്റ വിവാദത്തിൽ പെട്ട ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ നിലപാടുകൾ സജീവ ചർച്ചയാകും.
നിലവിൽ, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോൾ.