''സംഭവം ദൗർഭാഗ്യകരം'';ജോയി സർക്കാരിന്റെ ഭരണ കെടുകാര്യസ്ഥതയുടെ ബലിയാടെന്ന് രാജീവ് ചന്ദ്രശേഖർ

രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ടപ്പോൾ സർക്കാർ നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

author-image
Greeshma Rakesh
New Update
rajeev-chandrasekhar-

rajeev chandrasekhar against pinarayi govt on cleaning worker death

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണ്. കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ടപ്പോൾ സർക്കാർ നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുവർഷമായി മുന്നോട്ട് പോകുമ്പോൾ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രം​ഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. ഒരിക്കൽ എതിർത്തിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായപ്പോൾ കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ബഹുദൂരം പിന്നിലാണ്. “സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്‌ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോൾ ആണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്,” അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന സിപിഎം ആമയിഴഞ്ചാൻ സംഭവത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള രാഷ്‌ട്രീയ ധാർമ്മികത കാട്ടണമെന്ന് ആവശ്യപ്പെട്ട രാജീവ് ചന്ദ്രശേഖർ ജോയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

rajeev chandrasekhar waste management cleaning worker death pinarayi government