കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.