വയനാട് പുനരധിവാസത്തിന് എല്ലാവരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. വയനാട് മനോഹരമായ ഒരു പ്രദേശമാണ്. ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് ഒരുമിക്കാമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച ചൂരല്‍മല ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിന്‍മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അറിയിപ്പുണ്ടാകുന്നത് വരെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാണിത്. നേരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുള്‍പ്പെടെ വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വായ്പ പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നു.
വായ്പ്കള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദുരന്ത മേഖലയിലുള്ളവരില്‍ നിന്നും ജൂലൈ 30ന് ശേഷം പിടിച്ച ഇഎംഐകള്‍ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകള്‍ നടത്തേണ്ടി വന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.