ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികള്‍ കഴിഞ്ഞാണെന്നും ഗൂഗിളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സമയമാറ്റത്തിന് പിന്നിലെന്നും പി എസ് സിയുടെ വിശദീകരണം. ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു എന്ന തരത്തില്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ സാങ്കേതിക വിഭാഗം പരിശോധന നടത്തിയതായി പി എസ് സി അറിയിച്ചു.വിഷയം ഗൂഗിളിനെ അറിയിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്ത വസ്തവിരുദ്ധമാണെന്ന് പി എസ് സി പറയുന്നു. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കുന്നതെന്നാണ് പി എസ് സി വിശദീകരിക്കുന്നത്.
ശനിയാഴ്ചയാണ് എറണാകുളം, മലപ്പുറം ജില്ലയില്‍ പി എസ് സി എല്‍ ഡി ക്ളര്‍ക്ക് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്‌ലോഡ് ചെയ്തതായി കണ്ടത്. ബുക്ക്ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പി ഡി എഫ് ഫയലാണ് സൈറ്റിലുള്ളത്.