എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യകേസ് പരാമര്‍ശിക്കുന്ന ചോദ്യം എല്‍.എല്‍.ബി. പരീക്ഷയ്ക്കായി തയ്യാറാക്കിയ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം കാംപസിലെ നിയമപഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അസി. പ്രൊഫസര്‍ ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ്എഫ്‌ഐ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.
അധ്യാപകനെ ജോലിയില്‍നിന്ന് ഒഴിവാക്കിയത് വിശദീകരണംപോലും തേടാതെയെന്ന് പരാതി. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയാണെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
28ന് നടന്ന മൂന്നാം സെമസ്റ്റര്‍ 'ഹ്യൂമന്‍ റൈറ്റ്‌സ് ലോ ആന്‍ഡ് പ്രാക്റ്റീസ്' എന്ന ഇന്റേണല്‍ പരീക്ഷാ ചോദ്യപേപ്പറിലായിരുന്നു ചോദ്യം. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിന് പ്രതിയായ നേതാവിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി കോടതി മുന്‍പാകെയാണ്. ഈ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടുക.' ഇതായിരുന്നു ചോദ്യം.
രണ്ടുവര്‍ഷമായി ജോലി ചെയ്യുന്ന തന്നെ നേരിട്ട് വിശദീകരണം തേടാതെയാണ് പുറത്താക്കിയതെന്ന് ഷെറിന്‍ പറഞ്ഞു. 'നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ക്യാമ്പസ് ഡയറക്ടര്‍ ഷീന ഷുക്കൂറിനെയും, സര്‍വകലാശാല ഇടതുപക്ഷ അധികാര ലോബിയെയും വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത്. അധ്യാപകനെ പുറത്താക്കിയത് പ്രതിഷേധകരമാണ് . കേരളത്തിലെ അക്കാദമിക് സമൂഹം പുറത്താക്കപ്പെട്ട അധ്യാപകന്റെ കൂടെയാണെന്നും സര്‍വകലാശാല വൈസ് ചാന്‍സ്‌ലറെ സെനറ്റേഴ്‌സ് ഫോറം അറിയിച്ചിട്ടുണ്ട്' കണ്‍വീനര്‍ ഡോ. ഷിനോ പി ജോസ് അറിയിച്ചു.