കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന കടുംപിടുത്തത്തിൽ നിന്നും മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ. പിന്മാറിയത് ഉപാധികളില്ലാതെ. ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ഉന്നയിച്ച വിഷയങ്ങളിൽ പിന്നീട് ചർച്ച നടക്കുമെന്നാണ് തീരുമാനം.
പലതലത്തിലായി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വ്യാഴാഴ്ച മുതൽ നടന്നെങ്കിലും ഒന്നും വിജയിച്ചില്ല. ശനിയാഴ്ച ഫെഫ്ക വിഷയം എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നാലെ അദ്ദേഹം വിവിധ സംഘടനകളുമായി ചേർന്ന് ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകുകയുമായിരുന്നു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പി.വി.ആർ. തിേയറ്ററുകൾ സ്ഥിതിചെയ്യുന്ന ലുലുമാളുകളുടെ ഉടമ എന്ന നിലയ്ക്കാണ് യൂസഫലി ചർച്ചകൾക്ക് മുൻകൈയെടുത്തത്.
നഷ്ടം തരാതെ പി.വി.ആറിന് സിനിമ നൽകില്ലെന്ന കടുത്തനിലപാടിനു പുറമേ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പി.വി.ആറിൻറെ തിയേറ്ററുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഇതരഭാഷാചിത്രങ്ങളുടെ മലയാളം പതിപ്പുകൾ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫെഫ്ക ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയെയും വിവരം ധരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ ശനിയാഴ്ച വൈകീട്ടോടെ തീരുമാനം പിൻവലിക്കുന്നതായി പി.വി.ആർ. അറിയിച്ചു.
ഇപ്പോൾ പ്രദർശനം തുടരുന്ന നാല് സിനിമകൾക്ക് മൂന്നുദിവസം കൊണ്ടുണ്ടായ നഷ്ടം ഏകദേശം പത്തുകോടിയിലധികം രൂപയാണ്. പി.വി.ആറിൻറെ വിലക്കിലൂടെ കേരളത്തിന് പുറത്തുനിന്നുള്ള വരുമാനത്തെയാണ് പ്രധാനമായും ബാധിച്ചത്. തെക്കേയിന്ത്യയിൽ മാത്രം 572 സ്ക്രീനുകളാണ് പി.വി.ആറിനുള്ളത്.