നിയമസഭയില്‍ പിവി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫിന്റെ സമീപമാണ് അന്‍വറിന്റെ ഇരിപ്പിടം.

author-image
Prana
New Update
pv anwar mla ldf

നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫിന്റെ സമീപമാണ് അന്‍വറിന്റെ ഇരിപ്പിടം. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെയാണ് ആരംഭിക്കുക. പി വി അന്‍വറിന്റെ സ്ഥാനം മാറ്റം ഉള്‍പ്പെടെയുള്ള ചോദ്യങ്ങളോട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു. അന്‍വറിന് നിലത്തിരിക്കേണ്ടി വരുമെന്ന ആക്ഷേപത്തെ ചിരിച്ചു തള്ളിയ സ്പീക്കര്‍ സഭയില്‍ 250 പേര്‍ക്ക് ഇരിക്കാന്‍ ഇരിപ്പടമുള്ളപ്പോള്‍ എന്തിന് നിലത്തിരിക്കണമെന്നായിരുന്നു ചോദിച്ചത്. അന്‍വര്‍ വിഷയത്തില്‍ ആരെങ്കിലും കത്ത് തന്നാല്‍ വിഷയം അപ്പോള്‍ പരിശോധിക്കാമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും സ്പീക്കര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.
മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ഗെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമസഭയില്‍ ഏതെങ്കിലും ചോദ്യം മനപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. പരിശോധിക്കും. എല്ലാ ചോദ്യങ്ങളും സഭയ്ക്കകത്ത് വരാന്‍ കഴിയില്ല. മനപ്പൂര്‍വം നക്ഷത്ര ചിഹ്നം ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവിനും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു
വയനാട്, കോഴിക്കോട് ജില്ലകളില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നാളെ സഭ പിരിയും. പിന്നീടുള്ള എട്ടില്‍ ആറു ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കും അടുത്ത രണ്ടുദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവെച്ചു. ഒക്ടോബര്‍ 18ന് സഭ സെഷന്‍ പൂര്‍ത്തീകരിച്ച് അവസാനിപ്പിക്കും.

niyamasabha pv anwar mla