മലപ്പുറം: പൊതുവേദിയിൽ ജില്ല പൊലീസ് മേധാവിയെ അപമാനിച്ച് പി. വി അൻവർ എംഎൽഎ.മലപ്പുറം എസ്പി എസ്. ശശിധരനെയാണ് പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ പരസ്യമായി എംഎൽഎ അധിക്ഷേപിച്ചത്.അപമാനിതനായതിന് പിന്നാലെ മുഖ്യ പ്രസംഗം ഒറ്റ വരിൽ ചുരുക്കി വികാരാധീനനായി എസ്പി വേദി വിടുകയായിരുന്നു. താൻ അൽപം തിരക്കിലാണെന്നും പ്രസംഗിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞാണ് എസ്പി വേദി വിട്ടത്. ഇലന്തൂർ നരബലി കേസ് അന്വേഷിച്ച് കണ്ടുപിടിച്ച ഉദ്യോഗസ്ഥനാണ് എസ്പി ശശീധരൻ.ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.
എസ്പി പരിപാടിക്ക് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപ്പിച്ചതെന്നാണ് വിവരം.ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പൊലീസ് സേനയക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞാണ് അൻവർ പ്രസംഗം ആരംഭിച്ചത്.തന്റെ പാർക്കിലെ 2000 കിലോ ഭാരമുള്ള വെള്ളിച്ചങ്ങല മോഷണം പോയിട്ട് കണ്ടു പിടിച്ച് തന്നില്ല. അതിന് വേണ്ടി ഒരു ഫോൺ കോൾ പോലും തന്നെ വിളിച്ചിട്ടില്ല. മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. ഏത് പൊട്ടനും കണ്ടെത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു.
പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതിൽ റിസർച്ച് നടത്തുകയാണ് അവർ. സർക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. എസ്‍പിയെ കാത്ത് താൻ ഒരുപാട് സമയം ഇവിടെ ഇരിക്കേണ്ടി വന്നു. ജോലി തിരക്കാണെങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ എസ്‍പി ആലോചിക്കണം. ഒന്നു രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട് അതു പറഞ്ഞാൽ സദസ് വഷളാവുമെന്നും എംഎൽഎ പറഞ്ഞു.