തൃശൂര്‍ പൂരം കലക്കല്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. സംഭവത്തില്‍ ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാനായി പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കിയെന്നാണ് ആരോപണം. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയും സംഭവത്തില്‍ അതൃപ്തരാണ്.
ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്ന് ബിജെപി അക്കൗണ്ട് തുറന്നത് വലിയ വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദി പോലും തൃശൂരിലെ വിജയം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
തൃശൂരിലെ ബിജെപിയുടെ വിജയത്തിന്റെ തിളക്കം കുറഞ്ഞുവരുന്നോ? കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന വിവരമാണ് പുറത്തുവരുന്നത്.
തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ആംബുലന്‍സ് അനധികൃതമായി ഉപയോഗിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നു. തൃശൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സിപിഐയുടെ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷിന്റെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തൃശ്ശൂര്‍ എസിപി സുമേഷിന്റെ മൊഴി രേഖപ്പെടുത്തി.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ചട്ടങ്ങള്‍ ലംഘിച്ച് ആംബുലസില്‍ സഞ്ചരിച്ചെന്നാണ് സുമേഷിന്റെ പരാതിയില്‍ പറയുന്നത്. പൂരം കലക്കല്‍ നടന്ന രാത്രി വീട്ടില്‍ നിന്നും സേവാ ഭാരതിയുടെ ആംബുലസിലാണ് സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ബോഡിന്റെ ഓഫീസിലെത്തിയത്. ആംബുലസില്‍ സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
രോഗികളെ മാത്രം കൊണ്ട് പോകുന്ന ആംബുലന്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. ഒരു വ്യക്തിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലെന്നും പരാതിയില്‍ പറയുന്നു. ജോയിന്റ് ആര്‍ടിഒക്കും സുമേഷ് പരാതി നല്‍കിയിട്ടുണ്ട്.
ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറും നേരത്തെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.