പാലക്കാട് തെരഞ്ഞെടുപ്പിനു തലേദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരസ്യം നല്‍കിയ സംഭവത്തിന്‍ എല്‍.ഡി.എഫില്‍ ഭിന്നാഭിപ്രായം. ഇതല്ല എല്‍.ഡി.എഫ് നയമെന്ന് സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി. പരസ്യത്തിന്റെ ഉള്ളടക്കത്തെ ന്യായീകരിച്ച് സി.പി.എം. രംഗത്തെത്തിയപ്പോഴാണ് സിപിഐയുടെ ഭിന്നാഭിപ്രായം.
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പരസ്യം കൊടുക്കുന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്ന് സുരേഷ് രാജ് പറഞ്ഞു. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തിന്റെ നയവുമല്ല. ഒരു തിരഞ്ഞെടുപ്പിലും അങ്ങനെയാരു സമീപനം എല്‍.ഡി.എഫ് സ്വീകരിക്കാറില്ല. എല്‍.ഡി.എഫിന്റെ പേരില്‍ ഇത്തരത്തിലൊരു പരസ്യം നല്‍കാന്‍ ഒരു കമ്മിറ്റിയും തീരുമാനിച്ചിട്ടുമില്ല. പത്രത്തില്‍ പരസ്യം എങ്ങിനെ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദപരസ്യവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിഞ്ഞുമാറി.
എന്നാല്‍, വസ്തുതാവിരുദ്ധമായ ഒരു കാര്യവും പത്രപ്പരസ്യത്തില്‍ ഇല്ലെന്നായിരുന്നു വിഷയത്തില്‍ സി.പി.എമ്മിന്റെ പ്രതികരണം. അനുമതി വാങ്ങിയതിന് ശേഷമാണ് പരസ്യം നല്‍കിയതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. എന്തെങ്കിലും സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാണിച്ചാല്‍ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍.ഡി.എഫ് നല്‍കിയ പരസ്യമാണ് ചര്‍ച്ചകളിലേക്ക് വഴിവെച്ചത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.
കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പരസ്യവിവാദം: വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത് ഇടതുനയമല്ലെന്ന് സിപിഐ
ഇതല്ല എല്‍.ഡി.എഫ് നയമെന്ന് സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി. പരസ്യത്തിന്റെ ഉള്ളടക്കത്തെ ന്യായീകരിച്ച് സി.പി.എം. രംഗത്തെത്തിയപ്പോഴാണ് സിപിഐയുടെ ഭിന്നാഭിപ്രായം.
New Update