കൊച്ചി: ഒരേ ദിവസം കേരള പി.എസ്.സിയുടെയും,കേന്ദ്ര സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെയും (എസ്.എസ്.സി) പരീക്ഷകൾ വന്നതോടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. എസ്.എസ്.സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ടിയർ വൺ പരീക്ഷയും പി.എസ്.സിയുടെ ആംഡ് എസ്.ഐ (ട്രെയിനി)/ എസ്.ഐ (ട്രെയിനി) പരീക്ഷയുമാണ് ഇന്ന് നടക്കുന്നത്. എസ്.എസ്.സി പരീക്ഷ ഓൺലൈനിലാണ്.
തൊടുപുഴ സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് എസ്.എസ്.സി പരീക്ഷ രാവിലെ 9 മുതൽ 10 വരെ ഏറ്റുമാനൂരിൽ. റിപ്പോർട്ടിംഗ് സമയം 7.45. പി.എസ്.സി പരീക്ഷ രാവിലെ 7.15 മുതൽ 9.15വരെ കട്ടപ്പനയിൽ ഒ.എം.ആർ മാതൃകയിൽ. രണ്ടു സെന്ററുകളും തമ്മിൽ 90ലേറെ കിലോമീറ്ററുകളുടെ വ്യത്യാസം. ഇതേ രീതിയിൽ പെട്ടുപോയ നൂറുകണക്കിന് ഉദ്യോഗാർത്ഥികളുണ്ട്.
മാറ്റാനാകില്ലെന്ന്
പി.എസ്.സി
പി.എസ്.സി അധികൃതരുടെ വിശദീകരണം: പി.എസ്.സി പരീക്ഷ വളരെ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. മാറ്റി വയ്ക്കാനാകില്ല. എന്നിട്ടും രണ്ട് പരീക്ഷകൾ എഴുതുന്നതിലെ ബുദ്ധിമുട്ടറിയിച്ച ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ എസ്.എസ്.സി. പരീക്ഷയുള്ള ജില്ലകളിലേക്ക് സെന്റർ പുനഃക്രമീകരിച്ചു നൽകി. ഇതേ ആവശ്യവുമായി ആയിരങ്ങളെത്തിയതോടെ ആ സാദ്ധ്യതയും മങ്ങി.
പി.എസ്.സിയുടെ ആംഡ് എസ്.ഐ(ട്രെയിനി)/ എസ്.ഐ (ട്രെയിനി) പരീക്ഷ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ പല സമയത്താണ് നടക്കുന്നത്. എസ്.എസ്.സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ടിയർ വൺ പരീക്ഷ സെപ്തംബർ ഒൻപതിനാണ് ആരംഭിച്ചത്. 26 വരെയാണ് ഈ പരീക്ഷ.