'ലക്ഷ്യമിട്ട നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല'; കെ ഫോൺ പരാജയം സമ്മതിച്ച് സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്

150 കോടിയുടെ വാർഷിക വിറ്റുവരവ് ലക്ഷ്യമിട്ടാണ് കെ ഫോണിന്റെ പ്രവർത്തനം മുന്നേറുമെന്ന് വ്യക്തമാക്കിയെങ്കിലും കണക്ഷൻ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിലെ മെല്ലെപ്പോക്ക് പ്രശ്‌നങ്ങൾ രൂക്ഷമാക്കി. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയത്.

author-image
Greeshma Rakesh
Updated On
New Update
k fone

progress report of the state government admitting k fone failure

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച് പ്രവർത്തനമാരംഭിച്ച കെ ഫോൺ പരാജയമെന്ന് സമ്മതിച്ച് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്.സർക്കാർ ലക്ഷ്യമിട്ട നേട്ടം കൈവരിക്കാൻ കെ ഫോണിന് സാധിച്ചില്ലെന്നാണ് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്റെ പകുതി പോലും നൽകാൻ കഴിഞ്ഞില്ലെന്നും, കണക്ക്ക്കൂട്ടിയ വേഗതയിൽ കണക്ഷൻ നൽകാൻ സാധിക്കാത്തത് കെ ഫോണിന്റെ പ്രവർത്തനക്ഷമത കുറവായതു കാരണമെന്നുമാണ് വിലയിരുത്തൽ.

150 കോടിയുടെ വാർഷിക വിറ്റുവരവ് ലക്ഷ്യമിട്ടാണ് കെ ഫോണിന്റെ പ്രവർത്തനം മുന്നേറുമെന്ന് വ്യക്തമാക്കിയെങ്കിലും കണക്ഷൻ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിലെ മെല്ലെപ്പോക്ക് പ്രശ്‌നങ്ങൾ രൂക്ഷമാക്കി. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയത്.

ബിപിഎൽ കുടുംബങ്ങളിൽ ഉള്ളവർക്ക് സൗജന്യ നിരക്കിലും മറ്റുള്ളവർക്ക് മിതമായ വിലയിലും ഇന്റർനെറ്റ് എത്തിക്കാനാണ് കെ ഫോൺ പദ്ധതിക്കൊണ്ട് സർക്കാർ ഉദ്ദേശിച്ചിരുന്നത്. ഡിജിറ്റൽ സമത്വത്തിലൂടെ നവകേരള നിർമ്മിതിയ്ക്കു സാധിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കെ ഫോൺ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ജനകീയ പദ്ധതിയായിരുന്നു.

 എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് വർഷം മൂന്നായിട്ടും കെ ഫോൺ തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. 14000 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ ഇതാ ഒരു മാസത്തിനകം നൽകുമെന്ന് പറഞ്ഞയിടത്തു നിന്നും 5856 കണക്ഷൻ മാത്രമെ നൽകിയിട്ടുള്ളുവെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. 30,000 സർക്കാർ ഓഫീസ് ലക്ഷ്യമിട്ടതിൽ കെ ഫോൺ വഴി നെറ്റ് കിട്ടുന്നത് 21,311 ഇടത്ത് മാത്രമെന്ന് സർക്കാർ സമ്മതിക്കുന്നു.

കെ ഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റർനെറ്റ് സേവനം നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കെഫോൺ വഴി ഇന്റർനെറ്റ് ലഭിക്കും. മറ്റുള്ളവർക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കെ ഫോൺ ഉപയോഗപ്പെടുത്താവുന്നതാണ്. വാണിജ്യ കണക്ഷൻ ലഭ്യമാക്കുന്നതിന് എന്റെ കെ ഫോൺ എന്ന പേരിൽ മൊബൈൽ അപ്ലിക്കേഷനും വെബ്‌സൈറ്റും സജ്ജമാക്കിയെന്നു പറയുന്നുണ്ടെങ്കിലും ഗാർഹിക വാണിജ്യ കണക്ഷനുകളുടെ മറ്റ് വിവരങ്ങളൊന്നും പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

കണക്ഷൻ നടപടികൾക്ക് ലാസ്റ്റ് മൈൽ നെറ്റ് വർക്ക് പ്രൊവൈഡർമാരെ കണ്ടെത്തി വരുന്നതെ ഉള്ളുവെന്ന് കെ ഫോൺ അധികൃതർ വ്യക്തമാക്കിയിരുന്നു. ഫൈബർ ശൃംഘലയിൽ 4300 കിലോമീറ്റർ പാട്ടത്തിന് നൽകാനായെന്നും അത് 10000 കിലോമീറ്ററാക്കുമെന്നും അതുവഴി വരുമാനം വരുമെന്നുമൊക്കെയാണ് കഴിഞ്ഞ മാസം കെ ഫോൺ അധികൃതർ പുറത്തുവിട്ട ഔദ്യോഗിക വാർത്താ കുറിപ്പിലെ അവകാശവാദം. പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാനെന്നിരിക്കെ പ്രതിസന്ധിയിലാണ് പദ്ധതിയെന്ന് പറയാതെ പറയുന്നതാണ് പ്രോഗ്രസ് റിപ്പോർട്ടും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകൾ എന്ന നിലയിലാണ് കെ ഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് മുതലുള്ള വേഗതയിൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും സാധിക്കും.

അതിനിടെ, 14000 ബിപിഎൽ വീടുകളിൽ കണക്ഷൻ എത്തിക്കാൻ രണ്ടുവർഷം മുൻപു കരാറെടുത്ത കമ്പനി പാതിവഴിയിൽ പിൻമാറി 7000 കണക്ഷൻ നൽകിയെന്നും തദ്ദേശ വകുപ്പു വഴി ലഭ്യമാക്കിയ ഗുണഭോക്തൃപട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണെന്നും കമ്പനി സർക്കാരിനെ അറിയിച്ചു എന്നാൽ മാസങ്ങൾക്കു മുൻപുതന്നെ പട്ടികയിലെ തെറ്റു തിരുത്തി നൽകിയെന്നാണു കെ-ഫോണിന്റെ വിശദീകരണം. കണക്ഷൻ നൽകാൻ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല ഈ വീടുകളുടെ പട്ടിക കൈമാറണമെന്നു കമ്പനിയോടു കെ ഫോൺ ആവശ്യപ്പെട്ടു.

ലക്ഷം ബിപിഎൽ വീടുകളിൽ സൗജന്യ കണകഷൻ എന്ന വാഗ്ദാനത്തോടെയാണു സർക്കാർ കെ ഫോൺ പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 100 വീതം 14000 കണക്ഷൻ നൽകുമെന്നു രണ്ടാം പിണറായി സർക്കാർ വാഗ്ദാനത്തിൽ ഭേദഗതി വരുത്തി ഇതിനായി 2022 ഏപ്രില കമ്പനിയെ തിരഞ്ഞെടുത്തു. എന്നാൽ കമ്പനിയുമായുള്ള കരാറിനുള്ള അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഗുണഭോക്തൃപട്ടികയും വൈകി. 14000 ബിപിഎൽ വീടുകളിൽ കണക്ഷൻ നൽകിയശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണു സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമ്പോൾ 1000 വീടുകളിൽ മാത്രമായിരുന്നു കണക്ഷൻ.

 

progress report K-FONE KERALA GOVENMENT