കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തും.
പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെ വയനാട്ടിൽ എത്തുന്നുണ്ട്. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.