വയനാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ആസ്തിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടിയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37,91,47,432 യുടെ ആസ്തിയുണ്ട്.
രണ്ടിടങ്ങളായി നാലേക്കറോളം ഭൂമിയുണ്ട് പ്രിയങ്കയ്ക്ക്. എന്നാല്‍, ഇവ രണ്ടും കൃഷിസ്ഥലമാണ്. കൃഷിസ്ഥലമല്ലാത്ത ഭൂമി കൈവശമില്ലെന്നാണ് സത്യവാങ്മൂലത്തില്‍. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5.63 കോടി രൂപ വിലമതിക്കുന്ന വീടുണ്ട്. ഭൂമിയും വീടുമടക്കം 7.74 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രിയങ്കയ്ക്ക് 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ളജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.