അഹങ്കാരത്തിന് വിലകൊടുക്കേണ്ടിവരും; വി.ഡി സതീശനെതിരെ പി.വി അൻവർ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് തോൽക്കുമെന്ന് വി.ഡി സതീശന് അറിയാം. അത് എന്റെ തലയിൽ ഇടാൻ നോക്കുകയാണിപ്പോൾ. പാലക്കാട്ട് രാഹുൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കും.

author-image
Anagha Rajeev
New Update
pv anwar mla ldf

മലപ്പുറം: പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിന് വി.ഡി സതീശൻ വിലകൊടുക്കേണ്ടിവരുമെന്ന് പി.വി അൻവർ എം.എൽ.എ. പാലക്കാട്ട് ബിജെപി ജയിച്ചാൽ തന്റെ തലയിലിടാനാണ് സതീശന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാർഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ചർച്ച നടക്കുന്നുണ്ടെന്നും ബുധനാഴ്ച തീരുമാനം വരുമെന്നും അൻവർ അറിയിച്ചു.

സൗകര്യമുണ്ടെങ്കിൽ സ്ഥാനാർഥിയെ നിർത്തുകയുള്ളൂ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ കെപിസിസി തീരുമാനിച്ചതല്ല. ജില്ലാ കോൺഗ്രസ് നിർദേശിച്ചത് പി. സരിനെ ആയിരുന്നു. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ വന്നത് വി.ഡി സതീശന്റെ താൽപര്യമായിരുന്നു. രാഹുൽ ഒരുനിലക്കും മണ്ഡലത്തിൽ ജയിക്കില്ല. കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് തോൽക്കുമെന്ന് വി.ഡി സതീശന് അറിയാം. അത് എന്റെ തലയിൽ ഇടാൻ നോക്കുകയാണിപ്പോൾ. പാലക്കാട്ട് രാഹുൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കും. ചേലക്കരയിൽ എന്റെ സ്ഥാനാർഥിയെ യുഡിഎഫ് തിരിച്ചും പിന്തുണയ്ക്കണം. രണ്ട് സ്ഥലത്തും ഡിഎംകെ സ്ഥാനാർഥികൾ തുടരും. പാലക്കാട്ടെ കാര്യം കൺവെൻഷനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

''വിഡി സതീശൻ പഠിച്ച രാഷ്ട്രീയക്കളരിയിൽ ഞാനും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ തമാശ തോന്നി. പ്രിയങ്ക ഗാന്ധിക്ക് കൊടുത്ത പിന്തുണയ്ക്ക് സതീശന്റെ അച്ചാരം ആവശ്യമില്ല. ആർഎസ്എസും പിണറായിസവും ഒരുപോലെ എതിർക്കപ്പെടണം. പ്രതിപക്ഷത്തിന് ഇതിലൊന്നും നിലപാടില്ല.

വിഡി സതീശന്റെ അത്ര പൊട്ടനല്ല ഞാൻ. അൻവറുമായുള്ള വാതിൽ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞല്ലോ. പിന്നെ എന്താണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയുന്നത്? എന്നെ പ്രകോപ്പിക്കലാണ് പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം പ്രതിപക്ഷ നേതാവാണെന്ന അഹങ്കാരം പാടില്ല. കോൺഗ്രസ് വാശിപിടിച്ച് വച്ച സ്ഥാനാർഥി വിജയിക്കില്ലെന്ന് സതീശന് ബോധ്യപ്പെട്ടത് ഇന്നലെയാണ്. യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. നല്ല രീതിയിലാണു പിരിഞ്ഞതെന്നും എഐസിസിയും തന്നെ പിന്തുണച്ചെന്നും അൻവർ പറഞ്ഞു.

vd satheesan PV Anwar