ഒരുക്കങ്ങൾ പൂർത്തിയായി, ആഗോള വിദഗ്ധർ എത്തി, ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശിൽപശാലയ്ക്ക് ഇന്ന് തുടക്കം

ശിൽപശാല പ്രധാനമെന്ന് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസസി, കമൽ ഹാസൻ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ

author-image
Anagha Rajeev
New Update
workshop

ഇന്ത്യൻ സിനിമാ ആർക്കൈവിംഗിന്റെ കുലപതിയായ പി കെ നായരുടെ നാട്ടിൽ ശിൽപ്പശാല നടത്തുന്നത് ഏറെ ആഹ്ലാദകരമെന്ന് ശിവേന്ദ്ര സിംഗ് ദുംഗാർപൂർ മലയാളത്തിലും റിസ്റ്റോർ ചെയ്ത പഴയ സിനിമകൾ വീണ്ടും തീയറ്റർ റിലീസിനെത്തുന്ന ഇക്കാലത്ത് ഫിലിം റിസ്റ്റോറിംഗ് പരിശീലനത്തിന് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടെന്നും ഇന്ത്യയിൽ ആധുനിക സിനിമാ റിസ്റ്റോറിംഗിന് തുടക്കം കുറിച്ച ശിവേന്ദ്ര സിംഗ് പറഞ്ഞു. അരവിന്ദൻ, കെ ജി ജോർജ്, ജോൺ എബ്രഹാം, പി കെ നായർ, അടൂർ എന്നീ ക്ലാസ്‌റൂമുകൾ ശിൽപ്പശാല വേദി കാണാൻ തീം നായിക ജലജ എത്തി

ഇന്ന് (നവം 7) വൈകീട്ട് 5ന് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ, സയ്യിദ് അഖ്തർ മിർസ, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ തുടങ്ങിയവർ പങ്കെടുക്കും നവംബർ 14 വരെ നടക്കുന്ന ശിൽപ്പശാല വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 67 പേർ പങ്കെടുക്കുന്നു, യുഎസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20 ആർക്കൈവിസ്റ്റുകൾ, കൺസർവേറ്റേഴ്‌സ് തുടങ്ങിയവർ ശിൽപ്പശാല നയിക്കും

ശിൽപശാല പ്രധാനമെന്ന് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസസി, കമൽ ഹാസൻ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ

തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്ഷോപ്പ് ഇന്ത്യ 2024ന് (FPRWI 2024) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകീട്ട് 5ന് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ സിനിമാചരിത്രകാരൻ എസ് തിയോടർ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കും. തുടർന്ന് നവംബർ 14 വരെ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്സിലാണ് ശിൽപശാല നടക്കുക.

ലോകപ്രസിദ്ധ ഫിലിം ആർക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ശിൽപ്പശാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശിവേന്ദ്ര സിംഗ് ദുംഗാർപൂർ പറഞ്ഞു. മുഖ്യപ്രഭാഷണ വേദിയ്ക്കു പുറമെ അരവിന്ദൻ, കെ ജി ജോർജ്, ജോൺ എബ്രഹാം, പി കെ നായർ, അടൂർ എന്നീ പേരുകളിലുള്ള ക്ലാസ്‌റൂമുകളും തയ്യാറായിക്കഴിഞ്ഞു. ഇന്ത്യൻ ഫിലിം ആർക്കൈവിംഗിന്റെ കുലപതിയായ പി കെ നായരുടെ നാട്ടിൽ ശിൽപ്പശാല നടത്തുന്നത് ഏറെ ആഹ്ലാദകരമെന്ന് ശിവേന്ദ്ര സിംഗ് ദുംഗാർപൂർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 67 പേർ പങ്കെടുക്കുന്ന ശിൽപ്പശാലയിൽ വിവിധ ആർക്കെവിംഗ്, റിസറ്റോറിംഗ് സങ്കേതങ്ങളിൽ പരിശീലകരായെത്തുന്ന യുഎസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20 ആർക്കൈവിസ്റ്റുകൾ, കൺസർവേറ്റേഴ്‌സ് തുടങ്ങിയവരും നഗരത്തിലെത്തിത്തുടങ്ങി. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, L'Immagine Ritrovata, Bologna, Institute National de l'Audiovisuel, Fondation Jérôme Seydoux - Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് എത്തുന്നത്. ഫിലിം റിസ്റ്റോറിംഗിനുള്ള സവിശേഷ മേശകളും ഉപകരണങ്ങളും മുബൈയിൽ നിന്നും എത്തി.

ശിൽപ്പശാലയുടെ തീമിൽ ഇടം പിടിച്ച എലിപ്പത്തായത്തിലെ നായിക ജലജ ശിൽപ്പശാലയുടെ ഒരുക്കങ്ങൾ കാണാൻ ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ എത്തിയിരുന്നു. എലിപ്പത്തായത്തിൽ എലിപ്പത്തായവുമായി നിന്നതിനു പകരം ശിൽപ്പശാലയുടെ പോസ്റ്ററിലും പശ്ചാത്തലത്തിലും ഫിലിം പ്രൊജക്റ്ററുമായി നിൽക്കുന്ന തന്നെക്കണ്ട ജലജ കൗതുകം കൂറി. അടുത്തു നിന്ന് ചിത്രങ്ങളെടുത്തു. കുട്ടകളിൽ മീനിനു പകരം ഫിലിം റോളുകളുമായി ഷീല ജീവൻ പകർന്ന കറുത്തമ്മയുടെ ചിത്രങ്ങളും തൊട്ടടുത്തുണ്ടായിരുന്നു.

മലയാളത്തിലും റിസ്റ്റോർ ചെയ്ത പഴയ സിനിമകൾ വീണ്ടും തീയറ്റർ റിലീസിനെത്തുന്ന ഇക്കാലത്ത് ഫിലിം റിസ്റ്റോറിംഗ് പരിശീലനത്തിന് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടെന്നും ഇന്ത്യയിൽ ആധുനിക സിനിമാ റിസ്റ്റോറിംഗിന് തുടക്കം കുറിച്ച ശിവേന്ദ്ര സിംഗ് പറഞ്ഞു. ബാക് റ്റു ദി ബിഗിനിംഗ് എന്ന പേരിൽ ബച്ചൻ സിനിമകളുടെ റിസ്റ്റൊറേഷനോടെയായിരുന്നു തുടക്കം. തുടർന്ന് ദേവാനന്ദ്, നാഗേശ്വര റാവു തുടങ്ങിയവരുടെ ചിത്രങ്ങളും റിസ്‌റ്റോർ ചെയ്ത് എത്തി. രാജ് കപൂർ, ശിവാജി ഗണേശൻ തുടങ്ങിയവരുടെ റിസ്റ്റോറിംഗാണ് തുടർന്ന് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പെടുന്നതാണ് ശില്പശാല. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും. ദി ജനറൽ, മന്ഥൻ, സെനഗലിൽ നിന്നുള്ള ക്യാമ്പ് ഡെ തിയറോയെ, ഷാഡോസ് ഓഫ് ഫൊർഗോട്ടൻ ആങ്‌സെസ്‌റ്റേഴ്‌സ്, ഫെല്ലിനിയുടെ വിശ്വവിഖ്യാതമായ എയ്റ്റ് ആൻഡ് ഹാഫി, ലെ സമുറായ് തുടങ്ങി ഈയിടെ റിസ്‌റ്റോർ ചെയ്യപ്പെട്ട ചിത്രങ്ങളാണ് ശ്രീ തീയറ്ററിൽ പ്രദർശിപ്പിക്കുന്നത്. വിപണിയിൽ എത്തുന്നതിനു മുമ്പാണ് ഈ ചിത്രങ്ങൾ ഇപ്പോൾ ശിൽപ്പശാലയുടെ ഭാഗമായി പ്രദർശനത്തിനെത്തുന്നത്. ഇവ റിസ്റ്റോർ ചെയ്യുന്നതിന് നേതൃത്വം നൽകിയവരിൽ ലോകപ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസി ഒഴിച്ചുള്ളവരെല്ലാം ശിൽപ്പശാലയിലെത്തുന്നുണ്ട്.

2015 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ശിൽപശാലകളിൽ 400-ലധികം പേർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. തുടക്കക്കാരായ ഫിലിം ആർക്കൈവ് ജീവനക്കാർ, ആർക്കൈവിംഗിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വൽ പ്രൊഫഷണലുകൾ, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾ, ഓഡിയോ-വിഷ്വൽ ആർക്കൈവിംഗിൽ താൽപ്പര്യമുള്ള വ്യക്തികൾ തുടങ്ങിയ 67 പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇവരിൽ 30 പേർ കേരളത്തിൽ നിന്നും ബാക്കിയുള്ളവർ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ശ്രീലങ്കയിൽ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.


യാഥാർത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്‌റ്റോർ ചെയ്ത സിനിമകളാണ് ഒടിടി ചാനലുകളിലും യുട്യൂബിലും സിനിമകൾ കാണാനുള്ളപ്പോൾ എന്തിനാണ് ഫിലിം റിസ്റ്റോറിംഗ് എന്നു ചോദിക്കുന്നവരുണ്ടെന്ന് ശിവേന്ദ്ര സിംഗ് ദുംഗാർപൂർ പറഞ്ഞു. അവ ഒരിക്കലും തീയറ്ററുകളുടെ വലിയ സ്‌ക്രീനുകളിൽ പ്രൊജക്റ്റ് ചെയ്യാനാവില്ല. യാഥാർത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്‌റ്റോർ ചെയ്ത സിനിമകളാണെന്ന വ്യത്യാസവുമുണ്ട്. റിസ്‌റ്റോർ ചെയ്യപ്പെട്ട പഴയ സിനിമകൾ ഇപ്പോൾ കാണുമ്പോൾ അതിന്റെ വ്യത്യാസം മനസ്സിലാകും. ഡിജിറ്റലായി എടുത്ത സിനിമകളിൽ എൻഹാൻസ് ചെയ്ത അതിയാഥാർത്ഥ്യമാണുള്ളത്.


ആർക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യം: കമൽ ഹാസൻ അതുല്യവും അനിവാര്യവുമാണ് ഈ പരിശീലന സംരംഭമെന്ന് നടനും എഫ്എച്ച്എഫിന്റെ ഉപദേശകനുമായ കമൽഹാസൻ പറഞ്ഞു. 'ലോകത്തിന് നമ്മുടെ ചലച്ചിത്ര പൈതൃകത്തിന്റെ വലിയൊരു ശേഖരം നഷ്ടപ്പെട്ടു പോയി. നമ്മുടെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഇന്നത്തെയും നാളത്തേയും സിനിമകളെ സംരക്ഷിക്കാനും നമുക്ക് ആർക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യമാണ്, ''അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ നേതൃത്വത്തിൽ റിസ്റ്റോർ ചെയ്ത അരവിന്ദന്റെ കുമ്മാട്ടി കണ്ട് ലോകോത്തര സംവിധായകനായ സ്‌കോർസെസി കുറച്ചു നാൾ മുമ്പ് ഇൻസ്റ്റഗ്രാമിൽ ചൊരിഞ്ഞ പ്രശംസാവചനങ്ങൾ വൈറലായിരുന്നു.

ഫിലിം ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാർട്ടിൻ സ്‌കോർസെസി ശില്പശാലക്ക് കേരളം ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. 'അടൂർ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും സൃഷ്ടികൾ ഉൾപ്പെടുന്ന സിനിമാ പാരമ്പര്യമുള്ള കേരളത്തിൽ നിന്നാണ് ഞാൻ കണ്ട ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ പുറത്തുവന്നത്,' അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി സ്ഥാപിച്ച ഫിലിം ഫൗണ്ടേഷന്റെ ഒരു വിഭാഗമായ വേൾഡ് സിനിമാ പ്രോജക്റ്റ് അടുത്തിടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അരവിന്ദന്റെ കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങൾ റീസ്റ്റോർ ചെയ്തിരുന്നു.


''സിനിമയോടു അഗാധമായ സ്‌നേഹമുള്ള സംസ്ഥാനമാണിത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും ഇവിടെയുണ്ട്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, തങ്ങളുടെ അവിശ്വസനീയമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ ഒരു ഫിലിം ആർക്കൈവ് ഇവിടെയില്ല. അവഗണനയും സംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം നിരവധി സിനിമകൾ നഷ്ടപ്പെടുകയും മറ്റു പലതും നശിക്കുകയും ചെയ്യുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് അപ്രത്യക്ഷമാകുമെന്ന അപകടം പതിയിരിക്കുന്നു. മലയാള ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ കേരളത്തിന് സ്വന്തമായി ഒരു സംസ്ഥാന ഫിലിം ആർക്കൈവ് ഉണ്ടായിരിക്കണം, ശിൽപശാലയിലെ മികച്ച പരിശീലനത്തിലൂടെയും ചലച്ചിത്ര സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ഈ പ്രക്രിയയെ ചലിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര സംരക്ഷണം ഭാവിക്കായി: അമിതാഭ് ബച്ചൻ ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശിൽപശാല തിരുവനന്തപുരത്ത് നടക്കുന്നത് ഒരു ചലച്ചിത്ര സംരക്ഷണ പ്രസ്ഥാനത്തിന് വിത്ത് പാകലാകുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസഡറും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ പറഞ്ഞു. 'അവിശ്വസനീയമാംവിധം സമ്പന്നവും കലാപരവുമായ സിനിമാ പാരമ്പര്യം ഉണ്ടായിരുന്നിട്ടും കേരളത്തിന് അവരുടെ അമൂല്യമായ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കാൻ ഒരു ആർക്കൈവ് ഇല്ല. മലയാള സിനിമ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫിലിം പ്രിസർവേഷൻ എന്നത് ഭവിക്കായുള്ള പ്രവർത്തനമാണെന്ന് ചലച്ചിത്ര പ്രവർത്തകരും സർക്കാരും ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

ഡിജിറ്റൽ ഫിലിമിന്റെ ആയുസ്സ് കാലം തീരുമാനിക്കട്ടെ: അടൂർ 

പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു: ''ഒപ്റ്റിക്കൽ ഫിലിം ഒരു നൂറ്റാണ്ടിലേറെയും അതിനപ്പുറവും നിയന്ത്രിത ഈർപ്പത്തിലും ചൂടിലും അതിജീവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഫിലിമിന്റെ ദീർഘായുസ്സ് ദീർഘകാലത്തെ അനുഭവത്തിലൂടെ പരിശോധിച്ചുറപ്പിച്ചിട്ടില്ല. തങ്ങളുടെ സിനിമകൾക്ക് കൂടുതൽ ആയുസ്സ് ലഭിക്കാൻ ആഗ്രഹിക്കുന്നവർ ആധുനിക സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അവയെ ശാസ്ത്രീയമായി സെല്ലുലോയിഡിലേക്ക് മാറ്റണം. ഈ ശില്പശാല അത്തരം പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നവരെ സജ്ജരാക്കും.

കേരള സർക്കാർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഫ്രഞ്ച് അംബാസഡർമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാൻസെയ് ഇന്ത്യ, അഡോബി, ദി ഫിലിം ഫൗണ്ടേഷൻസ് വേൾഡ് സിനിമ പ്രൊജക്റ്റ്, പ്രസാദ് കോർപറേഷൻ, രസ ജയ്പൂർ, കൊഡാക്ക്എ ന്നിവയുടെ പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

 

international Workshop on Film Restoration