കൊച്ചിയിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറി സന്ദർശിച്ചവരുടെ കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെട്ടതായാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രയാഗ അറിയിച്ചത്.
താൻ ലഹരി ഉപയോഗിക്കാറില്ല. ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രയാഗ പറഞ്ഞു. എന്നാൽ ഓം പ്രകാശിന്റെ മുറിയിലെത്തിയ രണ്ട് സിനിമ താരങ്ങൾ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഉൾപ്പെടെ ഇരുപതോളം പേർ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രയാഗയും ശ്രീനാഥും മുറിയിലെത്തിയത് എന്തിനാണെന്നും ഇരുവരും ലഹരി വാങ്ങിയിരുന്നോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഓം പ്രകാശും സംഘവും വിദേശത്ത് നിന്ന് മയക്ക് മരുന്ന് എത്തിച്ച് ഡിജെ പാർട്ടികളിൽ വിതരണം ചെയ്യുന്നവരാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഓം പ്രാകശിനും സംഘാംഗങ്ങൾക്കുമെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലാണ് ലഹരിക്കടത്തിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
അതേസമയം കോടതിയിൽ ഹാജരാക്കിയ ഓം പ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മരടിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് പിടികൂടുമ്പോൾ ഇവരിൽ നിന്നും കൊക്കെയ്നും എട്ട് ലിറ്ററോളം മദ്യവും കണ്ടെത്തിയിരുന്നു.