തൃക്കാക്കര : കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിൻറെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൊച്ചി നഗരത്തിലൂടെ തീ തുപ്പുന്ന ബൈക്ക് ഓടിച്ച തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. 8000 രൂപ പിഴ യും ഈടാക്കി.തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇടപ്പള്ളി കളമശേരി റോഡിൽ പുകക്കുഴലിൽ നിന്ന് തീ ഉയരുന്ന ബൈക്കിൽ യാത്ര ചെയ്തതിൻറെ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാഹനം തിരിച്ചറിഞ്ഞ മോട്ടോർ വാഹന വകുപ്പ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെന്നൈയിൽ വിദ്യാർത്ഥിയാണ്.
യുവാവിൻറെ പിതാവിൻറെ പേരിലാണ് വാഹനത്തിൻറെ രജിസ്ട്രേഷൻ. അതിനാൽ യുവാവിൻറെ പിതാവിനോടും ഹാജരാകാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിരുന്നു. അപകടം ക്ഷണിച്ച് വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും നടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഓ മനോജ് പറഞ്ഞു.
--