കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി. നവീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പി.പി. ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാനും സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
പത്തനംതിട്ട ജില്ലാ നേതൃത്വത്തില്‍ നിന്ന് പി.പി. ദിവ്യക്കെതിരായ നീക്കമാണുണ്ടായത്. ഉപതിരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്ന പാര്‍ട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ രാജി കത്തില്‍ പറഞ്ഞു.