എസ് എ ടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലധികം വൈദ്യുതി വിതരണം നിലച്ച സംഭവത്തില്‍ പി ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവര്‍സിയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച യുണ്ടായോ എന്ന് അന്വേഷിക്കാനും ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ ഉണ്ടായത്. മൂന്ന് മണിക്കൂറിലേറെ നേരം വൈദ്യുതി മുടങ്ങിയതിനാല്‍ ഡോക്ടര്‍മാര്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് രോഗികളെ നോക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തുനിന്നും ജനറേറ്റര്‍ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.