പൊന്നാനി: ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുടെയുള്ള പീഡനപരാതിയിൽ കൂടുതൽ നിയമപോരാട്ടത്തിനൊരുങ്ങി പൊന്നാനിയിലെ പരാതിക്കാരി . ബുധനാഴ്ചത്തെ ഹൈക്കോടതി വിധി പ്രതിഭാഗത്തിന് അനുകൂലരീതിയിൽ വ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരിയുടെ അഭിഭാഷകൻ.
സെപ്റ്റംബർ ആറിനാണ് മലപ്പുറം എസ്.പി.യായിരുന്ന സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി പൊന്നാനി സ്വദേശിയായ സ്ത്രീ രംഗത്തുവന്നത്.
നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഘട്ടത്തിലായിരുന്നു ഇത്. പി.വി. അൻവറുമായി ചർച്ച നടത്തിയശേഷമാണ് പരസ്യമായി എല്ലാം തുറന്നുപറയാൻ തയ്യാറായതെന്ന് പരാതിക്കാരിയും വെളിപ്പെടുത്തി.
മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച ഉത്തരവിട്ടതോടെ പീഡനക്കേസ് വീണ്ടും സങ്കീർണമായിരിക്കുകയാണ്.
ഹൈക്കോടതി വിധി സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുന്നത് ഇത്തരം കേസുകളെ ദുർബലപ്പെടുത്തുമെന്നതിനാലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചില നിരീക്ഷണങ്ങളിൽ വ്യക്തത വരുത്തുന്നതിനുമാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ മുഹമ്മദ് ഫിർദൗസ് പറഞ്ഞു.