തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ മേയര്‍ ആര്യ രാജേന്ദ്രരും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ഗുരുതര ആരോപണം. മേയര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മേയറും സംഘവും കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. പ്രതികള്‍ക്കെതിരേ ഐപിസി 353, 447, 341, 294ബി, 201, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 177 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. മേയര്‍ക്കും എംഎല്‍എയ്ക്കും പുറമേ അവരുടെ വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരേയാണ് യദു പരാതി നല്‍കിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു ഉന്നയിച്ചത്. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി പോലീസിന് കൈമാറി. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.