കൊല്ലം: ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. അനാവശ്യമായി സംഘം ചേർന്നതിനും ആയുധം ഉപയോഗിച്ച് എ.ബി.വി.പി പ്രവർത്തകരെ ആക്രമിച്ചതിനുമാണ് കേസെടുത്തത്.
എബിവിപി യൂണിയനും എൻഡിഎ മണ്ഡലം കമ്മിറ്റിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 7 പേർക്കെതിരെയും കണ്ടാലറിയാവുന്ന 10 വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു. സംഘം ചേരൽ, ആയുധം കൊണ്ട് മുറിവേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്‌ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ചന്ദനത്തോപ്പ് കോളേജിലെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടാവുകയായിരുന്നു. എന്നാൽ പ്രതിഷേധത്തെ അവഗണിച്ച് കൃത്യമായ രാഷ്‌ട്രീയ ചർച്ചകൾ നടത്തിയാണ് കൃഷ്ണകുമാർ വേദിവിട്ടത്. എവിടെയോ കിടക്കുന്ന ചെഗുവരയെ എസ്എഫ്ഐക്കാർ സ്വാഗതം ചെയ്തെന്നും ഭാരതീയനായ തന്നെ തടയുകയായിരുന്നുവെന്നും കൃഷ്ണകുമാർ തുറന്നടിച്ചു. തികച്ചും അക്രമ രാഷ്‌ട്രീയമാണ് എസ്എഫ്‌ഐ പ്രവർത്തകർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.