ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമെന്ന് പിഎംഎ സലാം

ജലീലിന്റെ പ്രസ്താവന ഒരു സമുദായം മാത്രം സ്വര്‍ണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്. നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്.

author-image
Anagha Rajeev
New Update
pma salam

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ആര്‍എസ്എസ് നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് ജലീല്‍ പറയുന്നതെന്നും സലാം കുറ്റപ്പെടുത്തി.

ജലീലിന്റെ പ്രസ്താവന ഒരു സമുദായം മാത്രം സ്വര്‍ണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്. നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

പി വി അന്‍വറിന്റെ പാര്‍ട്ടി മുസ്ലിം ലീഗിനെ ബാധിക്കില്ല. അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആരും പങ്കെടുക്കില്ല. അന്‍വര്‍ നയം വ്യക്തമാക്കിയാല്‍ ആ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പി എംഎ സലാം പറഞ്ഞു.

സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കമെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു.

pma salam