തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തെക്കുറിച്ചുള്ള വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഭിമുഖം നടക്കുമ്പോൾ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവർക്കും കടന്നു വരാൻ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ നല്ലതു പോലെ അനുഭവിച്ചതാണ്.
മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആർ ഏജൻസി കളിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്. നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങൾക്കു മുന്നിൽ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
പൂരം കലക്കലിൽ അന്വേഷണമില്ല എന്നു വിവരാവകാശത്തിനു മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത സർക്കാരാണ് പൂരം കലക്കി എന്ന ആരോപണത്തിനു വിധേയനായ എഡിജിപിക്ക് ഒരു രോമത്തിനു പോലും കേടു വരാതെ, സ്ഥാന ചലനം പോലും ഉണ്ടാവാതെ സംരക്ഷിക്കുന്നത് എന്നതു പ്രത്യേകം ഓർക്കണം. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നതെന്ന് ബിനോയ് വിശ്വത്തിന് വല്ല ഓർമ്മയുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു