തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര പാർട്ടി അറിഞ്ഞാണ് എന്ന പ്രതികരണവുമായി ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ‘നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നത്. മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല. ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിനു പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നത്? നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങൾ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നത്? – ഇ.പി.ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇ.പി.ജയരാജന്‍ കുട്ടിച്ചേർത്തു.
അതേസമയം, ബോധപൂർവം നുണപ്രചാരണം നടത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്ന് ജയരാജൻ ആരോപിച്ചു. മാത്യു കുഴൽനാടൻ കോൺഗ്രസിൽ നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ മാറി. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.
‘‘മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയ്ക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ? എന്നെപ്പോലെ ഒരാളെ വ്യക്തിഹത്യ നടത്താനും നിങ്ങൾ ആരും മടികാണിച്ചിട്ടില്ലല്ലോ? സത്യത്തിനും നീതിക്കും വേണ്ടി മാധ്യമങ്ങൾ പോരാടണം’’ – ഇ.പി.ജയരാജൻ പറഞ്ഞു.