തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിൻറെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആർഎസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ പ്രധാന ആഭ്യന്തര ശത്രുക്കളെ'ന്നും മുഖ്യമന്ത്രിപറഞ്ഞു .
മോദിയുടെ കപട വാഗ്ദാനങ്ങളിൽ ജനങ്ങൾ വിശ്വസിക്കുന്നില്ല. നാനൂറ് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പറയുമ്പോൾ എവിടെ നിന്നാണ് എന്ന് കൂടി ബിജെപി വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂല്യങ്ങളെല്ലാം തകർന്ന് രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശങ്ങൾ ഉന്നയിച്ചു. ഇന്ത്യയെ തകർക്കാനുള്ള ആർഎസ്എസിൻറെ പ്രധാന അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്, അതുകൊണ്ടാണ് അവരുടെ പ്രകടന പത്രികയിൽ ആ വിഷയം ഉൾപ്പെടുത്താൻ കോൺഗ്രസ് ധൈര്യം കാണിക്കാത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു .
കേരളത്തിലെ കഴിഞ്ഞ തവണ വിജയിച്ച 19 എംപിമാരും സംഘപരിവാറിനൊപ്പമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് . അവരെ വിജയിപ്പിച്ചതിൽ ജനങ്ങൾ ഇപ്പോൾ ഖേദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.