തിരുവനന്തപുരം: ഇരട്ടച്ചങ്കനും ഊരിപ്പിടിച്ച വാളും അമ്മാതിരി ഡയലോഗൊന്നും ഇങ്ങോട്ടുവേണ്ട... എന്നിങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാസ് ഡയലോഗുകളൊക്കെ എന്നും സോഷ്യല്‍ മീഡിയയില്‍ നിഞ്ഞുനില്‍ക്കുന്ന ഒന്നാണ്. ഒരു പക്ഷെ ഇന്ന് പകരംവയ്ക്കാനില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാകരന്റെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച വാക്കുകളായിരിക്കാം ഇതൊക്കെ.
എന്നാല്‍ കഴിഞ്ഞ ദിവസവും ഒരു മാസ് ഡയലോഗുമായി പിണറായി രംഗത്തെത്തിയരുന്നു. അത് പാര്‍ട്ടിയിലെ പലര്‍ക്കുമുള്ള ഒരു കുത്തലായി വേണം കരുതാന്‍. ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തനരംഗത്തുള്ള രണ്ടാമനെന്ന് വിശേഷിപ്പിക്കാവുന്ന ഇ പി ജയരാജനെതിരെയായിരുന്നു വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ പിണറായിയുടെ മാസ് ഡയലോഗ് വീണ്ടുമെത്തിയത്.
പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും... ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. കോവിഡ് കാലത്തെ അക്കച്ചൊക്കന്‍ ഉള്‍പ്പെടെയുള്ള വാക്കുകള്‍ തിരഞ്ഞ് നടന്ന സോഷ്യല്‍ മീഡിയയ്ക്കും മലയാളഭാഷാ പ്രേമികളുമൊക്കെ അത് വളരെ പണിപ്പെട്ട് കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ കവിഞ്ഞ ദിവസത്തെ പിണറായിയുടെ മാസ് ഡയലോഗ് ഗൂഗിളില്‍ തിരഞ്ഞിട്ടുപോലും കണ്ടെത്താനാവുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. പുരാണത്തില്‍ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു പലരുടെയും സംശയം. സര്‍വകലാശാലകളിലെ മുതിര്‍ന്ന മലയാളം അധ്യാപകര്‍ക്ക് പോലും കഥ അത്ര പിടിയില്ല. തെക്കന്‍ കേരളത്തില്‍ ഇങ്ങനെയൊരു ചൊല്ലില്ലെന്നും വടക്കന്‍ കേരളത്തില്‍ എന്തെങ്കിലും കഥ കാണുമായിരിക്കുമെന്നും ചില സാഹിത്യകാരന്മാരും പ്രതികരിക്കുകയുണ്ടായി.
എന്നാല്‍ അങ്ങനൊരു പ്രയോഗം എങ്ങനെ വന്നെന്ന് നമുക്കൊന്ന് നോക്കാം... ഒരു പക്ഷെ അതൊരു നാടന്‍ ചൊല്ലിന്റെ ചുവടുപിടിച്ച് അദ്ദേഹം പറഞ്ഞതായിരിക്കാം എന്ന് പറയുന്നവരുമുണ്ട്. കാരണം പറയുന്നത് സംസര്‍ഗോ ഗുണോ ദോഷോ ഭവന്തു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തികളുമായുള്ള ഇടപടെല്‍ കൊണ്ട് ഗുണവും ദോഷവുമുണ്ടാകാം.
ആരോട് ഇടപെട്ടാലും പഠിച്ചു മാത്രമേ ഇടപെടാന്‍ പാടുള്ളൂ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിന്റെ ചുരുക്കം. ഇവിടെ പാപി ദല്ലാള്‍ നന്ദകുമാറാണ്. ദല്ലാളിനോട് ചേര്‍ന്നാല്‍ ജയരാജനും പാപിയാകും എന്നതാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ശരിക്കും ജയരാജനെ ശിവനായാണ് പറയുന്നത്. ശിവം എന്ന വാക്കിന്റെ അര്‍ഥം മംഗളം എന്നാണ്. അങ്ങേയറ്റം മംഗളം നിറഞ്ഞ വ്യക്തിയാണ് ശിവന്‍ അത്രമാത്രമേ അദ്ദേഹത്തിന്റെ ഭാഷ്യത്തില്‍ കാണേണ്ടതുള്ളൂ.
പൗരാണികതയെ ചുറ്റിപ്പറ്റി നമ്മുടെ സമൂഹത്തില്‍ ഒരുപാട് ചൊല്ലുകളുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഥ വേണമെന്നില്ല അന്തസത്തയ്ക്കാണ് ഇവിടെ പ്രാധാന്യം. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയതിനെ ഉപമയായാണ് മലയാളം പറയുന്നത്. രഘോബന്ധം വിശേഷിച്ചിട്ടും പഠിച്ചിട്ടും ചെയ്യണമെന്ന് കാളിദാസനും പറഞ്ഞിട്ടുണ്ട്. അപ്പോപ്പിന്നെ സോഷ്യല്‍ മീഡിയയ്ക്കും ഭാഷാ പ്രേമികള്‍ക്കും അധികം ആശങ്ക വേണമെന്നില്ല. പിണറായി ഒരു ഉപമ പറഞ്ഞെന്ന് മാത്രം.
സംഗതി എന്തായാലും ഇ.പിയുടെ കാര്യം ഇനി എന്താകുമെന്ന് കണ്ടറിയണം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ ഒരു നടപടി എന്നത് ഇന്ന് അപ്രാപ്യമായ ഒന്നാണ്. അല്ലെങ്കില്‍ മറ്റൊരു വി.എസ്സിനെക്കൂടി സൃഷ്ടിക്കണമോ എന്ന് ചോദിക്കുന്നവരുമുണ്ട്.